‘ഓരോ ഫയലും ഓരോ ജീവന്‍’ എന്നു പറഞ്ഞത് നമ്മുടെ മുഖ്യമന്ത്രി തന്നെയാണ്, എന്നാല്‍ അദ്ദേഹവും മന്ത്രിമാര്‍ ഉള്‍പ്പടെ ഇരിക്കുന്നതും ഭരണംചക്രം തിരിക്കുന്നതുമായ സെക്രട്ടറിയേറ്റില്‍ നടക്കുന്നതോ? മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടയുള്ളവരുടെ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കൊണ്ട് ഒരു വിഭാഗം ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നത് സത്യമായ കാര്യമാണ്. പറഞ്ഞു വരുന്നത് മെയ് മാസത്തില്‍ സെക്രട്ടറിയേറ്റില്‍ മാത്രം കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കണ്ടാല്‍ ആരും ഒന്ന് ഞെട്ടും. 2,99,425 ഫയലുകളാണ് തീര്‍പ്പാക്കാതെ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പുമായി ബന്ധപ്പെട്ട്, പിറവം എംഎല്‍എ അനൂപ് ജേക്കബ് ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിലാണ് സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കം സംബന്ധിച്ച ഉത്തരം മുഖ്യമന്ത്രി നല്‍കിയത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സെക്രട്ടറിയേറ്റില്‍ നാളിതുവരെ എത്ര ഫയലുകളാണ് ഇനിയും തീര്‍പ്പാക്കുവാനുള്ളതെന്ന് അറിക്കാമോ; എന്ന ചോദ്യത്തിന്, സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിലും തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഫയലുകളുടെ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി പ്രതിമാസ പ്രവര്‍ത്തന പത്രിക തയ്യാറാക്കുന്നുണ്ട്. 2024 മെയ് മാസത്തെ പ്രതിമാസ പ്രവര്‍ത്തന പത്രിക പ്രകാരം 2,99,425 ഫയലുകള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നുണ്ടു എന്നാണ് മറുപടി.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്, വിശദമാക്കാമോ?
ഒരോ മാസവും ഇ- ഓഫീസില്‍ ഇലക്ട്രോണിക്കലി ജനറേറ്റ് ചെയ്യുപ്പെടുന്ന പ്രതിമാസ പ്രവര്‍ത്തന പത്രിക വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ എല്ലാ വകുപ്പിലെയും / സെക്ഷനിലെയും മേലുദ്യോഗസ്ഥര്‍ അവലോകനം ചെയ്ത് കാര്യക്ഷമത ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല പ്രതിമാസ മീറ്റിംഗുകള്‍ വിളിച്ച് കൂട്ടി ഫയല്‍ തീര്‍പ്പാക്കലിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട് .കൂടാതെ ചീഫ് സെക്രട്ടറിയുടെ സെക്രട്ടറിമാരുമായുള്ള പ്രതിമാസ യോഗത്തിലും ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവലോകനം ചെയ്യുന്നുണ്ടെന്നും മറുപടി നല്‍കി.
മുഖ്യമന്ത്രി ഓരോ ഫയലും ഒരോ ജീവന്‍ ഉണ്ടെന്ന് പറയുമ്പോഴും ജീവനക്കാര്‍ അത് മുഖ വിലയ്‌ക്കെടുക്കുന്നില്ല എന്നതിന് തെളിവാണ് മെയ് മാസത്തില്‍ മാത്രം സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടന്ന് ഫയലുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നില നിന്നത് കൊണ്ടാണ് ഇത്രയും ഫയലുകള്‍ വന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുമ്പോഴും ഈ സംഖ്യ അത്ഭുതപ്പെടുത്തുന്നു. 2,99,425 ഫയലുകള്‍ നോക്കി തീര്‍ക്കാന്‍ ഇനിയും രണ്ടു മാസത്തിലധികം വേണ്ടി വരില്ല എന്ന് ചോദ്യമാണ് ഉയരുന്നത്. മാസംതോറും കൂടി വരുന്ന ഫയലുകളും കെട്ടിക്കിടക്കുന്ന ഫയലുകളും എല്ലാം ചേര്‍ത്ത് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും ഇരട്ടി പണിയാണ് വരാന്‍ പോകുന്നത്. ഇക്കാരണത്താല്‍ ഈ ഫയലുകളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ഓരോ പദ്ധതികളും അല്ലെങ്കില്‍ ഓരോ സംഭവങ്ങളും ഇനിയും വൈകുമെന്ന് ഉറപ്പാണ്.
ഇക്കഴിഞ്ഞ മാസം സെക്രട്ടേറിയറ്റില്‍ 15 ലക്ഷം ഫയല്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും അത് അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചിരുന്നു. ഓരോ മാസവും ലഭിക്കുന്ന ആകെ തപാലുകളില്‍ ഭൂരിഭാഗവും പഴയ ഫയലുകളുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷന്‍ ആയിരിക്കും. ശേഷിക്കുന്ന പുതിയ തപാലുകള്‍ പുതിയ ഫയലുകള്‍ ആയി ക്രിയേറ്റ് ചെയ്ത് നടപടി സ്വീകരിക്കും. ജനുവരി മാസത്തെ ഫയല്‍ പെന്‍ഡന്‍സി 3,04,556 ല്‍ നിന്നും ഏപ്രില്‍ മാസാവസാനത്തില്‍ 2,99,363 ആയിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചിരുന്നു.
ഇ- ഓഫീസ് സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളുടെയും തപാലുകളുടെയും സ്ഥിതി വിവര കണക്കുകള്‍ ലഭിക്കുന്ന വേേു://ലീളളശരല.ഴീ്.ശി പരിശോധിച്ചാല്‍ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ഫയലുകളുടെ ഓരോ ദിവസത്തെയും സ്ഥിതി വിവര കണക്കുകള്‍ കാണാനാകും. സെക്രട്ടേറിയറ്റില്‍ ആകെ ക്രിയേറ്റ് ചെയ്ത ഫയലുകളുടെയും അതില്‍ നിലവില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഫയലുകളുടെയും എണ്ണം കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടകയും, തമിഴ്‌നാട് ഉള്‍പ്പടെയുള്ള ഇതര സംസ്ഥാനങ്ങള്‍ ഇ-ഫയല്‍ അഡോപ്ഷനില്‍ നൂറ് ശതമാനം നേട്ടം കൈവരിക്കുമ്പോള്‍ കേരളം തൊട്ടടുത്ത് എത്തിയിട്ടുളളു.
ഓരോ ഫയലിനും പിന്നില്‍ ഒരു ജീവിതമുണ്ടെന്നും അതിനാല്‍ അത് മാനുഷികമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചത്. 2016 ല്‍ ഭരണത്തില്‍ കയറിയ ആദ്യ നാളുകളിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പിന്നീട് നിരവധി തവണ ഇക്കാര്യം വിവിധ വേദികളില്‍ അദ്ദേഹം തുടര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറല്ലാത്ത ചിലരുണ്ടെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. എനിക്ക് ആശയവിനിമയം നടത്താന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഭരണം മെച്ചപ്പെടുത്തണമെന്ന് ഞാന്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിക്കുന്നു. അവരില്‍ ഭൂരിഭാഗവും അതില്‍ ആവേശഭരിതരായിരുന്നു, എന്നാല്‍ ചിലര്‍ ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്നും മുഖ്യമന്ത്രി മുന്‍പ് പറഞ്ഞിട്ടുണ്ട്.