ചപ്പാത്തി കുഴയ്ക്കാൻ മടിയുള്ളവരാണോ? കുഴക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ചപ്പാത്തി ഉണ്ടാക്കേണ്ട എന്ന് തീരുമാനിച്ച് പിന്മാറുന്നവർ ആണോ നിങ്ങൾ? എന്നാൽ അവർക്കാണ് ഈ സന്തോഷവാർത്ത.. മൃദുവായ ചപ്പാത്തി ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ..
ഇന്‍സ്റ്റഗ്രാമില്‍ രാജിസ് കോര്‍ണര്‍ എന്ന ചാനലിലാണ് ഈ വിദ്യ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഈ വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. പതിനയ്യായിരത്തില്‍ കൂടുതല്‍ ലൈക്കുകളുമുണ്ട്.
ഇതിനായി ആദ്യം തന്നെ, ഒരു 100 മില്ലി കപ്പില്‍ ഒരു കപ്പ് പൊടി എടുക്കുക. ഇതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിക്കുക. ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. എന്നിട്ട് മിക്സിയില്‍ ഒന്നു കറക്കി എടുക്കുക. അപ്പോള്‍ എണ്ണയും ഉപ്പും എല്ലാ ഭാഗത്തും ഒരുപോലെ മിക്സ് ആകും.
ഇതിലേക്ക് നേരത്തെ അളന്ന കപ്പിന്‍റെ കൃത്യം പകുതി അളവില്‍ വെള്ളം എടുത്ത് ഒഴിക്കുക. മിക്സിയില്‍ നന്നായി അടിക്കുക. കുറച്ചു കഴിയുമ്പോള്‍ ഉള്ളില്‍ എവിടെയും പറ്റിപ്പിടിക്കാതെ നല്ല കുഴച്ച പരുവത്തില്‍ ഉള്ള മാവ് പുറത്തേക്ക് എടുക്കാം.
ഇനി ഈ മാവെടുത്ത് നേരെ ഉരുട്ടി ചപ്പാത്തി ഉണ്ടാക്കാം. ഇതില്‍ നിന്നും മീഡിയം സൈസില്‍ ഉള്ള നാലു ചപ്പാത്തി കിട്ടും.
സാധാരണ രീതിയില്‍ ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ നല്ല മൃദുവായി കിട്ടാന്‍ ചില ടിപ്സ് ഇതാ:-
1. ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയില്‍ എണ്ണയും ഉപ്പും ചേര്‍ക്കുക.
2. മാവ് കുഴയ്ക്കുന്നതിന് പച്ചവെള്ളത്തിന് പകരം ചെറിയ ചൂട് വെള്ളം ഉപയോഗിക്കുക.
3. ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം വയ്ക്കുക
4. ഈ 15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക.
5. ചപ്പാത്തി എപ്പോഴും മീഡിയം ഫ്‌ളെയിമില്‍ മാത്രം പാകം ചെയ്‌തെടുക്കുക.