Saudi Arabia

ഹജ്ജ് തീർത്ഥാടകരുടെ വാഹനങ്ങൾ നിരീക്ഷിക്കാൻ അതിനൂതന സംവിധാനങ്ങൾ

ഹജ്ജ് തീർത്ഥാടകരുടെ വാഹനങ്ങൾ നിരീക്ഷിക്കാനായി ഓട്ടോമാറ്റിക് മോണിറ്ററിംഗ് വെഹിക്കിൾ പുറത്തിറക്കിയതായി ഗതാഗത അതോറിറ്റി. വാഹനങ്ങളുടെ കാര്യക്ഷമതയുൾപ്പെടെ മനസ്സിലാക്കാൻ സഹായിക്കുന്ന എ.ആർ കണ്ണടകളും വാഹന പരിശോധനക്ക് ഉപയോഗിക്കും. ഹാജിമാരുടെ വാഹന ഗതാഗതം കൂടുതൽ മികവുറ്റതാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് ഇത്തവണയും ഗതാഗത അതോറിറ്റി ഉപയോഗിക്കുന്നത്.

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളുടെ നൂതന പതിപ്പ് ഇത്തവണയും ഉപയോഗിക്കും. തീർഥാടകരുമായെത്തുന്ന വാഹനങ്ങളെ എ.ആർ കണ്ണടകളിലൂടെ ഉദ്യോഗസ്ഥർ നിരീക്ഷിക്കുമ്പോൾ തന്നെ വാഹനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഉൾപ്പെടെയുള്ള വിവരങ്ങളും രേഖകളും മനസ്ലിലാക്കാൻ സാധിക്കും. കൂടാതെ വെറും 6 സെക്കന്റുകൾക്കുള്ളിൽ നിയമലംഘനങ്ങൾ ഡാറ്റ ആൻഡ് കൺട്രോൾ സെന്ററിലേക്ക് അയക്കാമെന്നതും എ.ആർ കണ്ണടകളുടെ പ്രത്യേകതയാണ്. വാഹന പരിശോധനയുടെ സമയം 600 ശതമാനം കുറക്കാനും തിരക്കൊഴിവാക്കാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഓട്ടോമാറ്റിക് മോണിറ്ററിംഗ് വാഹനവും ഗതാഗത അതോറിറ്റി ഇത്തവണ വാഹനപരിശോധനക്കായി പുറത്തിറക്കിയിട്ടുണ്ട്.

ഇതാദ്യമായാണ് ഹജ്ജിന് ഓട്ടോമാറ്റിക് നിരീക്ഷണ വാഹനം ഉപയോഗിക്കുന്നത്. ഹജ്ജ് സീസണിൽ തീർഥാടകരെ കൊണ്ടുപോകുന്ന ബസുകൾ, ടാക്‌സികൾ, ട്രക്കുകൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളെ പിന്തുടർന്നുകൊണ്ട് നിരീക്ഷിക്കാനും ഈ വാഹനത്തിന് സാധിക്കും. അതിനായി നിരീക്ഷണ വാഹനത്തിൽ പ്രത്യേക ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തത്സമയം ഡാറ്റ ആൻഡ് കൺട്രോൾ സെന്ററിലേക്ക് അയക്കുകയും ചെയ്യും. മക്ക, മദീന, ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ നിരീക്ഷണ വാഹനം ഓടിനടക്കുമെന്ന് ജനറൽ ട്രാൻസ്‌പോർട്ട് അതോറ്റി അറിയിച്ചു.