ന്യൂഡൽഹി: കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കുന്നതിന് കഠിനമായി പ്രയത്നിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എയിംസിന് വേണ്ടി കഠിനമായി പരിശ്രമിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എയിംസിന് വേണ്ടി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നില്ലെന്നും സൂചിപ്പിച്ചു. ലിസ്റ്റിൽ വന്നാൽ ബജറ്റിൽ വെച്ച് തീർച്ചയായും സാധിച്ചെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
നിലവിൽ കോഴിക്കോട് ജില്ലയാണ് സംസ്ഥാന സർക്കാർ എയിംസിന് വേണ്ടി സ്ഥലം കണ്ടിരിക്കുന്നത്. എന്നാൽ എൻഡോസൾഫാൻ ബാധിത പ്രദേശമായ കാസർകോട് എയിംസ് പോലൊരു ആരോഗ്യ സ്ഥാപനം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. സുരേഷ്‌ഗോപിയുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് എയിംസ് കാസർകോട്ടേക്ക് ആണെന്നാണ്. “ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് ഈ അവസ്ഥ പേറേണ്ടി വരുമെന്ന സാഹചര്യം മാറണം. അതിന് എയിംസ് പോലൊന്ന് അവിടെ വരണം” എന്നായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്.
“എൻറെ മെന്ററാണ് ഹെൽത്ത് മിനിസ്റ്റർ ആയി വന്നിട്ടുള്ളത്. 2015 ലാണ് ഞാൻ ഇത് അദ്ദേഹത്തോട് ആദ്യമായി ആവശ്യപ്പെടുന്നത്. എംപി ആയതിനു ശേഷം ഞാൻ വീണ്ടും ആവശ്യപ്പെട്ടു. പക്ഷേ പിണറായി വിജയൻ വന്നതിനുശേഷം മൂന്നു തവണ ഞാൻ ആവശ്യപ്പെട്ടിട്ടും ആ ഒരു സ്ഥലം ലിസ്റ്റിൽ വന്നിട്ടില്ല. അതു വന്നാൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തി തീർച്ചയായും സാധിച്ചെടുക്കാ”മെന്നും അദ്ദേഹം ആത്മവിശ്വാസം, പ്രകടിപ്പിച്ചു.
കോഴിക്കോട് എയിംസ് സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാർ നേരത്തെ നീക്കം നടത്തിയത്. കിനാലൂരിൽ അതിനായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, എയിംസിനായി കാസർകോട് ജില്ലയിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നു. കോഴിക്കോടിനു പുറത്ത് മറ്റൊരു ആലോചന പോലുമില്ല എന്ന അവസ്ഥയിൽ നിന്നാണ് പൊടുന്നനെ കാസർകോടിന്റെ പേരുകൂടി കടന്നുവന്നത്.
ജില്ലയിൽ ആരോഗ്യ മേഖല വളരെ പരിതാപകരമാണ്. അനുവദിച്ച മെഡിക്കൽ കോളജുപോലും പൂർത്തിയായിട്ടില്ല. കോവിഡ് കാലത്ത് ചികിത്സ കിട്ടാതെ 24 ഓളം പേർക്കാണ് ജില്ലയിൽ ജീവൻ നഷ്ടമായത്. പതിവായി ചികിത്സ തേടുന്ന മംഗളൂരു ആശുപത്രിയിലേക്കുള്ള വഴികൾ കർണാടക സർക്കാർ കൊട്ടിയടച്ചതിനെ തുടർന്നാണ് ഇത്രയും മരണം സംഭവിച്ചത്. ഇതിനെ തുടർന്ന് ജില്ലയിലെ ആരോഗ്യ രംഗം വലിയ ചർച്ചകൾക്ക് വിധേയമായി.
കാൽ നൂറ്റാണ്ടുകാലം നടത്തിയ എൻഡോസൾഫാൻ പ്രയോഗം ഉണ്ടാക്കിയ ദുരന്തം എന്തുമാത്രമാണെന്ന് അവിടം സന്ദർശിച്ചാൽ മാത്രം മനസ്സിലാകുന്ന വിഷയമാണ്. 2000 ൽ നോരോധിച്ചിട്ടും ഇപ്പോഴും കുട്ടികൾ ജനതിക വൈകല്യങ്ങളോടെയും രോഗമെന്തന്നറിയാത്ത അവസ്ഥയിലും പിറക്കുന്നുണ്ട് ഇവിടെ. ജനിച്ച് വർഷം തികയുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങൾ മരണപ്പെട്ടു പോകുന്ന എത്രയോ സംഭവങ്ങളുണ്ടാകുന്നുണ്ട്. കമ്പി വേലി കെട്ടി മകളെ പൂട്ടിയിടേണ്ടി വരുന്ന ഗതി കെട്ട അമ്മമാരുണ്ട് ഇവിടെ.
കാസറഗോഡിന്റെ രോഗാതുരതയ്ക്ക് പരിഹാരം കാണാൻ പ്രധാനപ്പെട്ട ഒരു മാർഗം കാസറഗോഡ് ജില്ലയ്ക്ക് AllMS (All India Institute Of Medical Sciences) അനുവദിക്കുക എന്നതു തന്നെയാണ്. തലമുറകളോളം നീണ്ടുനിന്നേക്കാവുന്ന രോഗാവസ്ഥയെ മറികടക്കാൻ ഗവേഷണവും പഠനവും നടത്താവുന്ന മെച്ചപ്പെട്ട ചികിത്സ ലഭിക്കാവുന്ന ആരോഗ്യ സംവിധാനമായ എയിംസ് കാസർഗോഡു തന്നെയാണ് സ്ഥാപിക്കേണ്ടത് ആ ജനതയ്ക്ക് അത്യാവശ്യമാണ്.
അതിനിടെ എയിംസ് കോഴിക്കോട് എത്തിക്കുകയാണ് തൻ്റെ ഇനിയുള്ള പ്രധാന ലക്ഷ്യമെന്ന് നിയുക്ത എംപി എംകെ രാഘവൻ പ്രതികരിച്ചിരുന്നു. തൻ്റെ ജയം കോഴിക്കോട്ടെ ജനങ്ങളുടെ ജയമാണെന്നും കോഴിക്കോട്ടെ ജനങ്ങളുമായി ആത്മബന്ധമുണ്ടെന്നും പറഞ്ഞ അദ്ദേഹം ജനം തൻ്റെ കൂടെ നിന്നുവെന്നും പറഞ്ഞു.
കോഴിക്കോട് എയിംസും ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് ഇനി തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിൽ മാറ്റം തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ യുഡിഎഫും മികച്ച നിലയിലാണ്. ഭൂരിപക്ഷം കൂടാൻ കാരണം ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ദേശീയ പാത വികസനം വൈകാൻ കാരണം കരാറുകാരനാണ്. മൂന്ന് വർഷം പണി മുടങ്ങി. ഇപ്പോഴത്തെ പ്രശ്നം യൂട്ടിലിറ്റി സര്‍വീസ് സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും കേരളത്തിലെ വികസനത്തിൽ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് വൈകുന്നുവെന്ന് വ്യക്തമല്ല. കോഴിക്കോട് പദ്ധതിക്കായി ഭൂമി കണ്ടെത്തിയതാണ്. കോഴിക്കോട് നിന്ന് എയിംസ് മറ്റിടത്തേക്കെന്ന് സുരേഷ് ഗോപി പറഞ്ഞ സാഹചര്യം അറിയില്ല. മറ്റിടത്താണെങ്കിൽ അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. ഭൂമി എവിടെ കിട്ടുമെന്നും വ്യക്തമാക്കണം.
കേരളത്തിന്റെ താൽപര്യം എയിംസ് കിനാലൂരിൽ വരുണമെന്നാണ്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തി നൽകിയത് കിനാലൂരിലാണ്. എല്ലാ ജില്ലക്കാരും എയിംസ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇനി ഭൂമിയാണ് വേണ്ടത്. അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കട്ടെ. കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി കഴിഞ്ഞതാണ്. കേരളത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാരേയും ഇക്കാര്യത്തിൽ കാണും. എയിംസ് മലബാറിൽ വളരെ അത്യാവശ്യമാണ്. സംസ്ഥാന സർക്കാരിന്റെ തീരുമാനവും അതാണ്. കോഴിക്കോട് എയിംസ് സ്ഥാപിക്കാൻ ജനകീയ മുന്നേറ്റത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.