തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജി ചോദിച്ചുവരേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്രമോദിയെ മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചുള്ളൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിനെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ലെന്നും പറഞ്ഞു. എ.കെ ആന്റണി രാജിവെച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ലെന്നും കോൺഗ്രസിലെ പ്രശ്നങ്ങൾ മൂലമാണെന്നും മുഖ്യമന്ത്രി നിയമഭയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോൺഗ്രസ്, അവർ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്ന് പ്രതിപക്ഷം പറയുന്നു. എന്നാൽ എന്തുകൊണ്ട് ഹിമാചലിലും കർണാടകയിലും മുഖ്യമന്ത്രിമാർ രാജിവെക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കണം എന്ന കോൺഗ്രസ് ഉപദേശം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കൊടുക്കാമായിരുന്നില്ലേ? കോൺഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെച്ചുവെന്നും പിണറായി വിജയൻ ചോദിച്ചു. ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണമെന്നും വിജയത്തിൽ വല്ലാതെ അഹങ്കരിക്കരുതെന്നും പിണറായി വിജയൻ പ്രതിപക്ഷത്തോട് പറഞ്ഞു. പലയിടത്തും നിങ്ങൾക്ക് ഒപ്പം നിന്ന ശക്തികൾ തൃശൂരിൽ നിങ്ങൾക്കൊപ്പം നിന്നില്ലെന്നും ക്രൈസ്തവ സഭാനേതൃത്വങ്ങളെ പരാമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വോട്ട് കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സംസാരിച്ചത്.
കേരളത്തിൽ സിപിഎമ്മിനെതിരായ ജനവിധി ഉണ്ടായിരിക്കുന്നു. എന്നാൽ അത് സംസ്ഥാന സർക്കാരിനെതിരായ വിധി അല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തൃശ്ശൂർ മണ്ഡലത്തി ബിജെപിയുടെ ജയം പരിശോധിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.