തിരുവനന്തപുരം കോണ്‍ഗ്രസ്സ് നേതാവ് ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എം എല്‍ എ സ്ഥാനം രാജിവച്ചു. വടകരയില്‍ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്.
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് ഷാഫി രാജിക്കത്ത് സമര്‍പ്പിച്ചത്.ഇതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.
ഉറപ്പായും നിയമസഭാ മിസ് ചെയ്യും അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും പാലക്കാട് ണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും ഷാഫി പറഞ്ഞു.
കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാൾ 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടർന്നാൽ ഉപതിരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.
ഷാഫി പറമ്പിലിന് പകരക്കാരനായി ആരെ മത്സരിപ്പിക്കണമെന്നതില്‍ യുഡിഎഫില്‍ ചര്‍ച്ച സജീവമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് നിന്ന് വടകരയിലേക്കു പോയപ്പോള്‍ തന്നെ നിയമസഭാ മണ്ഡലത്തിലെ പുതിയ സാരഥിയെ സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ പേരുകളാണ് യുഡിഎഫിൽ നിന്ന് സജീവ പരിഗണനയിലുള്ളത്.