നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുള്ള ബോളിവുഡിലെ മുന്‍നിര നടിയാണ് ടിസ്‌ക ചോപ്ര. അതേസമയം തന്റെ കരിയറിന്റെ തുടക്കത്തില്‍ ധാരാളം വെല്ലുവിളികളും പ്രതിസന്ധികളും ടിസ്‌കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു മോശം അനുഭവം പങ്കുവെക്കുകയാണ് ടിസ്‌ക. തന്നെ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തെക്കുറിച്ചാണ് ടിസ്‌ക സംസാരിക്കുന്നത്.
2016 ല്‍ താന്‍ അഭിനയിക്കാനിരുന്നൊരു സിനിമയില്‍ നിന്നും അവസാന നിമിഷം തന്നെ ഒഴിവാക്കിയെന്നും പകരം കുറേക്കൂടി ചെറുപ്പക്കാരിയായ നടിയെ കൊണ്ടു വന്നുവെന്നുമാണ് ടിസ്‌ക പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ടിസ്‌ക മനസ് തുറന്നത്. ഷൂട്ട് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം എന്നാണ് ടിസ്‌ക പറയുന്നത്. നിര്‍മ്മാതാവിന്റെ തീരുമാനമായിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞതെന്നും ടിസ്‌ക പറയുന്നു.
”2016 ല്‍ ഒരു സംവിധായകന്‍ എന്നെ കുറേ നടത്തിച്ചിട്ടുണ്ട്. ഞങ്ങള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. കോസ്റ്റിയുമും ഡയലോഗുകളും എല്ലാം. ഷൂട്ടിന് നാല് ദിവസം മുമ്പ് അവര്‍ കുറേക്കൂടി ചെറുപ്പമുള്ള നടിയെ വച്ചാണ് സിനിമ ചെയ്യുന്നതെന്ന് പറഞ്ഞു. നിര്‍മ്മാതാവിന്റെ തീരുമാനമാണെന്നാണ് അയാള്‍ പറഞ്ഞത്. പക്ഷെ അതെല്ലെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് കൂടുതലൊന്നും കേള്‍ക്കാന്‍ തോന്നിയില്ല” ടിസ്‌ക പറയുന്നു. ”അപ്പോഴേക്കും കുറേക്കാലമായി ഞാന്‍ അവഗണിക്കുന്ന ഒരുപാട് കാര്യങ്ങള്‍ എന്റെ തലയിലൂടെ കടന്നു പോകുന്നുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. പ്രതിഭാധനരായ നിരവധി സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തും അവരെ കണ്ടും കുറേ കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ചെറുപ്പവും സൗന്ദര്യവുമാണ് മാര്‍ക്കറ്റിനെ ആകര്‍ഷിക്കുന്നതെങ്കില്‍, എന്റെ ഉള്ളം അതിനെ എതിര്‍ക്കുന്നതാണ്. നമ്മള്‍ ജീവിക്കുന്നത് വളരെ സങ്കടകരമായൊരു ലോകത്താണെന്നതാണ് അതിനര്‍ത്ഥം” ടിസ്‌ക പറയുന്നു.
നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് ടിസ്‌ക ചോപ്ര. താരെ സമീന്‍ പര്‍, ദില്‍ തോ ബച്ചാ ഹേ ജി തുടങ്ങിയ സിനിമകളിലും മര്‍ഡര്‍ മുബാറക്ക് പോലുള്ള ഒടിടി സിനിമകളിലും ടിസ്‌ക അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് സിനിമയായ മര്‍ഡര്‍ മുബാറക് ഈയ്യടുത്താണ് റിലീസ് ചെയ്തത്. പങ്കജ് തൃപാഠി, സാറ അലി ഖാന്‍, വിജയ് വര്‍മ, ഡിംപിള്‍ കപാഡിയ, കരിഷ്മ കപൂര്‍, സഞ്ജയ് കപൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തിലും ടിസ്‌ക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി മായാ ബസാര്‍ എന്ന ചിത്രത്തിലാണ് ടിസ്‌ക അഭിനയിച്ചത്. പിന്നീട് വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകത്തിലും ടിസ്‌ക അഭിനയിച്ചു. ഹിന്ദിയ്ക്കും മലയാളത്തിനും പുറമെ തമിഴിലും ഇംഗ്ലീഷിലും തെലുങ്കിലും ടിസ്‌ക അഭിനയിച്ചിട്ടുണ്ട്. താരേന്‍ സമീന്‍ പര്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ ലോകത്തും ടിസ്‌ക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.