റായ്ബറേലി: വാരാണസിയിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും തന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. റായ്ബറേലിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
അഹങ്കാരം കൊണ്ടല്ല താനിത് പറയുന്നത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയത്തിൽ തൃപ്തരല്ലെന്ന സന്ദേശമാണ് ഇന്ത്യയിലെ ജനങ്ങൾ അറിയിച്ചത്. വിദ്വേഷത്തിനും അക്രമത്തിനും എതിരെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് ജനങ്ങൾ നൽകിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങിൽ ഒരു ദലിതനെയോ പാവപ്പെട്ടവനെയോ ആദിവാസികളെയോ കാണാൻ സാധിക്കില്ല. എന്നാൽ, അദാനിയേയും അംബാനിയേയും പോലുള്ള വ്യവസായികളും ബോളിവുഡ് താരങ്ങളും ചടങ്ങിനായി എത്തിയെന്നും രാഹുൽ പറഞ്ഞു.
2014ന് ശേഷം ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടിയുടെ ഏറ്റവും ദയനീയമായ പ്രകടനമായിരുന്നു ഈ തെരഞ്ഞെടുപ്പിലേത്. 33 ലോക്‌സഭാ സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. സമാജ്‌വാദി പാർട്ടി നേടിയതിനേക്കാൾ നാല് സീറ്റുകളുടെ കുറവാണിത്.
പ്രധാനമന്ത്രി മോദിക്കെതിരെ വാരാണസിയിൽ അജയ് റായിയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. മോദിയുടെ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക് താഴ്ത്താൻ റായിക്ക് കഴിഞ്ഞിരുന്നു. ഒരുഘട്ടത്തിൽ മണ്ഡലത്തിൽ മോദി ആറായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാവുകയും ചെയ്തു.
പ്രിയങ്ക ഗാന്ധി ഈ തെരഞ്ഞെടുപ്പിൽ അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരിലാൽ ശർമയുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ. ഇരുവരും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ബിജെപിയുടെ സ്മൃതി ഇറാനിയെ 1.6 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ എൽ ശർമ പരാജയപ്പെടുത്തിയത്.