ബലിപെരുന്നാൾ, വേനലവധി വരികയല്ലേ, നാട്ടിലേയ്ക്കോ മറ്റോ യാത്ര പുറപ്പെടാനൊരുങ്ങുന്നവർ അറിയാൻ പ്രധാനപ്പെട്ട ചില കാര്യങ്ങൾ അധികൃതർ പുറത്തുവിട്ടിരിക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവള (ഡിഎക്സ്ബി) ത്തിനുള്ളിൽ തിരക്കേറിയ (പീക് പിരീയഡുകൾ) സമയങ്ങളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നതാണ് ഇതിൽ ആദ്യത്തേത്. കുടുംബാംഗങ്ങളുമായുള്ള വിട പറച്ചിൽ വീട്ടിൽ തന്നെ ആകാമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ടെർമിനലുകൾ 1, 3 എന്നിവയിലെ ആഗമന ഫോർകോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ബലി പെരുന്നാൾ, വേനൽക്കാല യാത്രാ തിരക്കിന് മുന്നോടിയായി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വിശദമാക്കിയത്.
പെരുന്നാള് പ്രമാണിച്ച് യുഎഇ നിവാസികൾക്ക് ഈ മാസം 15 മുതൽ 18 വരെ നാല് ദിവസത്തെ അവധി ലഭിക്കും. മലയാളികളടക്കം ഒട്ടേറെ പേർ ഈ അവധിക്കാലത്ത് നാട്ടിലേക്കു പോകാറുണ്ട് രണ്ടാഴ്ച കഴിഞ്ഞ് രണ്ട് മാസത്തെ വേനൽക്കാല അവധിക്കും സ്കൂളുകൾ അടയ്ക്കും.