ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ച ലഭിച്ച ബോംബ് ഭീഷണിക്ക് പിന്നില്‍ 13-കാരന്. എയര്‍ കാനഡ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന സന്ദേശമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂണ്‍ നാലിന് ലഭിച്ചത്. വിമാനം പറന്നുയരാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. എന്നാല്‍ പരിശോധനയില്‍ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് തെളിഞ്ഞു.
വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ വിപുലമായ അന്വേഷണമാണ് ഡല്‍ഹി പോലീസ് നടത്തിയത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം ‘പ്രതി’യെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു. മീററ്റ് സ്വദേശിയാണ് കുട്ടി. വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ 13-കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ബോംബ് ഭീഷണി സന്ദേശമയച്ചത് താനാണെന്ന് സമ്മതിച്ച 13-കാരന് അതിന്റെ കാരണവും പോലീസിനോട് തുറന്നുപറഞ്ഞു. വെറുതെ ഒരു രസത്തിന് ചെയ്തതാണെന്നായിരുന്നു കുട്ടിയുടെ മറുപടി. വിമാനത്താവളത്തിലേക്കു മാത്രമല്ല, വിവിധ നഗരങ്ങളിലെ സ്കൂളുകൾക്കും താൻ സമാന ഭീഷണികൾ അയച്ചിരുന്നതായി കുട്ടി പറഞ്ഞു. ഈ ഭീഷണികളും പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ടി.വിയിലെ സമീപകാല വാർത്തകളിൽ നിന്നാണ് തനിക്ക് ആശയം ലഭിച്ചതെന്നും അധികൃതർക്ക് തന്നെ കണ്ടെത്താൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും 13കാരൻ പറഞ്ഞു. സന്ദേശമയയ്ക്കാനായി ഒരു വ്യാജ മെയിൽ ഐഡിയും 13കാരനുണ്ടാക്കി. വീട്ടിലെ വൈഫൈ കണക്ഷൻ ഉപയോഗിച്ച് സ്വന്തം ഫോണിൽ നിന്നായിരുന്നു മെയിൽ അയച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭീഷണി സന്ദേശം അയച്ച ശേഷം ജി-മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയ കുട്ടിയെ രക്ഷിതാക്കളുടെ കസ്റ്റഡിയിലേക്ക് വിട്ടു.