അതിരുകടക്കുന്ന ടെലിമാർക്കറ്റിങ്ങിന് നിയന്ത്രണവുമായി യുഎഇ. കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തിയ പുതിയ ടെലിമാർക്കറ്റിങ് നിയമം ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും. പൊതുജനങ്ങളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു.
നിയമലംഘകർക്ക് 1.5 ലക്ഷം ദിർഹം (34.1 ലക്ഷം രൂപ) വരെയാണ് പിഴ. കൂടാതെ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായോ ഭാഗികമായോ റദ്ദാക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് യുഎഇയിൽ ഒരു വർഷം വരെ ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ വിലക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
ഉൽപന്നങ്ങളോ സേവനങ്ങളോ ഫോൺ വഴി വിറ്റഴിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഫ്രീസോണിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. എസ്എംഎസ്, ഫോൺ തുടങ്ങിയ മാർഗങ്ങളിലൂടെ ടെലിമാർക്കറ്റിങ് നടത്തുന്ന കമ്പനികളെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി, യുഎഇ സെൻട്രൽ ബാങ്ക്, സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റി, പ്രാദേശിക ലൈസൻസിങ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് നടപടികൾ.