Celebrities

കാസ്റ്റിംഗ് കൗച്ച് നടക്കുക പരസ്പര സമ്മതത്തോടെ; കുറച്ചു പേര്‍ കാരണം ഇന്‍ഡസ്ട്രി മോശമാകുന്നു: റായ് ലക്ഷ്മി

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് റായ് ലക്ഷ്മി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ റായ് ലക്ഷ്മി ഡിഎന്‍എ എന്ന സിനിമയുമായി തിരികെ വരികയാണ്. ഇതിനിടെ റായ് ലക്ഷ്മി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസണ്‍ തന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നു പറയാന്‍. എല്ലാവര്‍ക്കും ഒരേ അനുഭവമല്ല ഉള്ളത്. പക്ഷെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ ആദ്യത്തെ സിനിമയുടെ സംവിധായകന്‍ അച്ഛനെ പോലെയായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് എന്റെ വെല്ലുവിളികള്‍ വേറെയായിരുന്നു എന്നാണ് റായ് ലക്ഷ്മി പറയുന്നത്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, നിങ്ങളെയാരും നിര്‍ബന്ധിക്കുന്നില്ലല്ലോ? പരസ്പര സമ്മതത്തോടെയല്ലേ? ടിആര്‍പിയ്ക്ക് വേണ്ടി ഇന്‍ഡസ്ട്രിയെ മോശമാക്കുകയാണ്. ഈ ഇന്‍ഡസ്ട്രി മനോഹരമാണ്.

ചില ചീഞ്ഞ കഥകള്‍ ഉണ്ടെന്ന് കരുതി, പൊതുജനങ്ങള്‍ കാണുന്നത് എല്ലാവരും അങ്ങനെയാണെന്നാണ്. ആളുകള്‍ നെഗറ്റീവ് വശങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഒരുപാട് കടപ്പെട്ടിരിക്കേണ്ട കാര്യങ്ങളുണ്ടെന്നും താരം പറയുന്നു. നൂറില്‍ അഞ്ച് ശതമാനം മാത്രമേയുള്ളു അങ്ങനെ. എല്ലാവരും അഭിനേതാവാകാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. പണത്തിന് നിങ്ങളെ അഭിനേതാവാക്കാനാകില്ല. കഴിവും ആത്മാര്‍ത്ഥതയും വേണം. ഇന്ന് എല്ലാവര്‍ക്കും അഭിനേതാവാകാന്‍ സാധിക്കണം. അഭിനേതാവുക എന്നത് തമാശയല്ല. അത് വലിയ ഉത്തരവാദിത്തമാണെന്നും താരം പറയുന്നു. മുമ്പൊരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മി കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിച്ചത്. തനിക്ക് കരിയറില്‍ ഒരിക്കലും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ കാസ്റ്റിംഗ് കൗച്ച് എന്നത് ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നതാണെന്നാണ് റായ് ലക്ഷ്മി പറഞ്ഞത്. അവസരത്തിന് വേണ്ടി കഷ്ടപ്പെടുന്ന പുതുമുഖങ്ങളെ നിര്‍മ്മാതാക്കളും ഫിലിം മേക്കേഴ്‌സും ചൂഷണം ചെയ്യാറുണ്ടെന്നാണ് താരം പറഞ്ഞത്.

”അവര്‍ കാരണമാണ് ഇന്‍ഡസ്ട്രിയെക്കുറിച്ച് നെഗറ്റീവ് ചിന്താഗതയുണ്ടാകുന്നത്. ഫിലിം മേക്കേഴ്‌സ് തങ്ങളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാല്‍, അഭിനേതാക്കള്‍ക്കൊപ്പം കിടന്നാല്‍ കലയെ ബാധിക്കില്ലേ? ചിലര്‍ അറിയപ്പെടുന്ന നടിമാരെ പോലും സമീപിക്കും. അവര്‍ അപ്പോള്‍ തന്നെ അത് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയും. ചിലര്‍ തങ്ങളുടെ കൂടെ കിടക്കാന്‍ തയ്യാറാകാത്തവരെ സിനിമയില്‍ നിന്നും പുറത്താക്കുകയും ചെയ്യു” എന്നാണ് റായ് ലക്ഷ്മി അന്ന് പറഞ്ഞത്. തമിഴിലൂടെയാണ് റായ് ലക്ഷ്മി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തെലുങ്കിലുമെത്തി. കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് റോക്ക് ആന്‍ റോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തിലെത്തുന്നത്. അണ്ണന്‍ തമ്പി, പരുന്ത്, 2 ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ്, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് തുടങ്ങി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചു. ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ് റായ് ലക്ഷ്മിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ.

Latest News