ദുബൈ: സ്വകാര്യ സ്കൂളുകൾക്ക് ദുബൈയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു . ജൂൺ 15 ശനിയാഴ്ച അടച്ച് 18 ചൊവ്വാഴ്ച വരെയാകും അവധി. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഞായറാഴ്ച ഷെഡ്യൂൾ പ്രഖ്യാപിച്ചത്.
14 വെള്ളിയാഴ്ച അടക്കുന്ന സ്കൂളുകൾ 19 ബുധനാഴ്ചയാണ് തുറക്കുക. സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, നഴ്സറികൾ എന്നിവക്കെല്ലാം ഇത് ബാധകമാണ്. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലും ഇതേ ദിവസങ്ങളിലാണ് അവധി.
അതേസമയം, സൗദിയിൽ ബലിപെരുന്നാള്‍ അവധിക്കാലത്ത് വിവിധ പ്രവിശ്യകളിലെ തെരഞ്ഞെടുത്ത ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അടിയന്തിര കേസുകളാണ് അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ സ്വീകരിക്കുക.
ഇതിന് ഓണ്‍ലൈന്‍ ആയി മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. റിയാദ് അല്‍രിമാല്‍ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസ് ചൊവ്വ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 4 മണി മുതല്‍ രാത്രി 9 മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ജിദ്ദ സെറാഫി മാള്‍, തഹ്ലിയ മാള്‍ ജവാസാത്ത് ഓഫീസുകള്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറന്ന് പ്രവര്‍ത്തിക്കും.