രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നത് മുതല്‍ ചര്‍മ്മത്തിന് ആകര്‍ഷകമായ തിളക്കം നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് ഓറഞ്ച് വളരെ സഹായകമാണ്. വിറ്റാമിൻ സിയുടെ കലവറ കൂടിയാണിത്. ഓറഞ്ച് തൊലി പല ഫെയ്സ് പായ്ക്കുകളിലും ഫേഷ്യല്‍ സ്‌ക്രബുകളിലുമൊക്കെ ഒരു പ്രധാന ചേരുവയായി ഉപയോഗിക്കുന്നുണ്ട്. ചര്‍മ്മത്തെ ശുദ്ധീകരിച്ചുകൊണ്ട് പുനരുജ്ജീവന ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുണ്ട് ഇതിന്. ഓറഞ്ച് തൊലിയിൽ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന നിരവധി സൗന്ദര്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ഓറഞ്ച് കഴിച്ചാൽ തൊലി കളയേണ്ട…
ഓറഞ്ച് തൊലി ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി മുഖലേപനം തയ്യാറാക്കാം. പതിവായി ഈ മുഖലേപനം ഉപയോഗിക്കുന്നതിലൂടെ കറുത്ത പാടുകൾ, ചർമ്മത്തിന്റെ നിറം മാറ്റം (പിഗ്മന്റേഷൻ), ബ്ലാക്ഹെഡ്‌സ്, തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിച്ച് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും. ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള ഗുണങ്ങൾ കൂടി ഇതിന് ഉള്ളതിനാൽ മുഖക്കുരു വരാതിരിക്കാനും സഹായിക്കും
ഓറഞ്ച് തൊലി ഉപയോഗിച്ച് വിവിധ തരത്തിലുള്ള ഫെയ്സ് മാസ്‌കുകൾ നോക്കാം….
- ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടി, ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി എന്നിവ എടുത്ത് റോസ് വാട്ടർ ചേർത്തിളക്കി നല്ല കുഴമ്പ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും പുരട്ടുക. ലേപനം കുറച്ച് ഉണങ്ങിയതിന് ശേഷം മാത്രം കഴുകി കളയുക. ചർമ്മം ആഴത്തിൽ വൃത്തിയാക്കാനും ബ്ലാക് ഹെഡുകളും വൈറ്റ് ഹെഡുകളും നീക്കം ചെയ്യാനും ഈ ഫെയ്സ് പാക്ക് സഹായിക്കും.
- ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിയും 2 ടേബിൾ സ്പൂൺ തൈരും എടുക്കുക. ഇവ രണ്ടും കൂട്ടി ചേർത്ത് നന്നായി ഇളക്കുക. ഈ ഫെയ്സ് പാക്ക് മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക. തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചർമ്മം ലഭിക്കാൻ ഈ ഫെയ്സ് പായ്ക് സഹായിക്കും.
- ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത് ആവശ്യമാണ്. ഇതിലേക്ക് രണ്ട് നുള്ള് മഞ്ഞൾ പൊടി ചേർക്കുക. ഈ മിശ്രിതത്തിലേക്ക് റോസ് വാട്ടർ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. അതിന് ശേഷം ഈ ലേപനം മുഖത്ത് പൂർണമായി തേയ്ക്കുക. പതിനഞ്ച് മിനുട്ടുകൾക്ക് ശേഷം വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഉണങ്ങി കഴിയുമ്പോൾ അല്പം വെള്ളം ചേർത്ത് മുഖത്ത് വൃത്താകൃതിയിൽ പതിയെ മസ്സാജ് ചെയ്ത് വേണം ഇത് കഴുകി കളയാൻ.
- ഓറഞ്ച് തൊലിയടെ പൊടി ഒരല്പം കറ്റാർ വാഴ ജെല്ലുമായി ചേർത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിട്ട് ഇരിക്കുക. അതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ഇത് നിങ്ങൾക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം പരീക്ഷിച്ചു നോക്കാവുന്നതാണ്.