ദുബൈ : യാത്രയുടെ മാസങ്ങൾക്കു മുമ്പ് പണം സ്വീകരിക്കുകയും ഒരു മുന്നറിയിപ്പും കൂടാതെ യാത്ര റദ്ദുചെയ്ത് പ്രവാസികളെ ദുരിതത്തിലാക്കുകയും ചെയ്യുന്ന വിമാനക്കമ്പനികളുടെ നടപടികൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്ന് അൽഐനിൽ ചേർന്ന ‘തഖദ്ദും 2024’ യു.എ.ഇ ഇസ്ലാഹി സെന്റർ നാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു.
ഭാരിച്ച സാമ്പത്തിക, സമയനഷ്ടങ്ങൾക്കുപുറമെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടും സർക്കാറുകൾ, പ്രവാസികളുടെ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. അൽഐനിൽ ചേർന്ന ‘തഖദ്ദും 2024’ നാഷനൽ കൗൺസിൽ മീറ്റ് കെ.എൻ.എം മർകസുദ്ദഅവാ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മമ്മു കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെളിച്ചം-ബാലവെളിച്ചം-ദി ലൈറ്റ് പദ്ധതികളുടെ കഴിഞ്ഞഘട്ട വിജയികളെ പ്രഖ്യാപിച്ചു
യു.ഐ.സി കേന്ദ്രസമിതി പ്രസിഡന്റ് അസൈനാർ അൻസാരി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എൻ.എം മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ല ഭാരവാഹികളായ ഡോ. സി. മുഹമ്മദ് അൻസാരി, മുഹമ്മദ് കുട്ടി ഹാജി എന്നിവർ മുഖ്യാതിഥികളായിരുന്നു.
യോഗത്തിൽ മുജീബുറഹ്മാൻ പാലത്തിങ്ങൽ, ഓർഗനൈസിങ് സെക്രട്ടറി മുജീബുറഹ്മാൻ പാലക്കൽ, തൻസീൽ ഷരീഫ്, അജ്മൽ, സൽമാൻ ഫാരിസ്, അനീസ് എറിയാട് എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി അശ്റഫ് കീഴുപറമ്പ് സ്വാഗതവും ട്രഷറർ അബ്ദുല്ല മദനി നന്ദിയും പറഞ്ഞു.