ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വലതുപക്ഷ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള വാക്ക് യുദ്ധം പുതിയ തലങ്ങളിലേക്ക്. തൃശൂര്‍ എംപി സുരേഷ് ഗോപിയുടെ മണ്ഡലത്തിലെ പ്രചാരണവും സ്ഥാനാര്‍ത്ഥിത്വവും കാലുവാരലുമെല്ലാം ഉൾപ്പെടുത്തി ഒളിഞ്ഞും തെളിഞ്ഞും രണ്ടു കൂട്ടരും അങ്ങോട്ടുമിങ്ങോട്ടും നടത്തുന്ന വാക്ക് പോര് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എംപി സുരേഷ് ഗോപി തോല്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നതായി ശ്രീജിത്ത് പണിക്കര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്ന തരത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശ്രീജിത്ത് പണിക്കരെ കടന്ന് ആക്രമിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ സജീവ സാന്നിധ്യമായ ശ്രീജിത്ത് പണിക്കര്‍ എന്നും ബിജെപിയുടെ ആര്‍എസ്എസിന്റെയും രാഷ്ട്രീയ നിലപാടുകളും പൊളിറ്റിക്കല്‍ അജണ്ടയുമാണ് ചര്‍ച്ചകളില്‍ കൈകാര്യം ചെയ്യുന്നത്. ഞാനൊരു രാഷ്ട്രീയ നിരീക്ഷകന്‍ എന്നുമാത്രം പറയുന്നു ശ്രീജിത്ത് പണിക്കര്‍ പക്ഷേ ഒരിക്കലും ഒരു സംഘപരിവാര്‍ അനുഭാവിയെന്നോ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ആള്‍ എന്നോ പറഞ്ഞിട്ടില്ല. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകന്റെ ലേബലില്‍ ചാനലില്‍ വന്നിരിക്കുകയും ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയായി സംസാരിക്കുകയാണ് പതിവ്.
കെ. സുരേന്ദ്രനും മായുള്ള വിഷയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഹിറ്റാണ്. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ ചാനലുകളോട് പറഞ്ഞത്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ചാനലുകാരും ചില ആക്രി നിരീക്ഷകന്മാരും പറഞ്ഞു. സുരേഷ് ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാന്‍ ബിജെപിയുടെ സംസ്ഥാന ഘടകം പരിശ്രമിക്കുന്നു. നിങ്ങളുടെ ചാനല്‍ ഒക്കെ ചാനലുകളില്‍, വൈകുന്നേരങ്ങളില്‍ വന്നിരിക്കുന്ന ചില കള്ള പണിക്കര്‍മാര്‍ പറയുന്നത് ഇതാണ്. ബിജെപി സംസ്ഥാന ഘടകം സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഇരുവരുടെയും വാക്ക് തര്‍ക്കങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ പോസ്റ്റുകള്‍ നിറയുകയാണ്.
നാട്ടുകാരെ ഓടിവായോ സംഘികള്‍ തമ്മില്‍ അടിയായേ…. മിന്നല്‍ മുരളി സിനിമയിലെ വില്ലന്‍ കഥാപാത്രം ഷിബു പറയുന്ന ഡയലോഗ് ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ഇവരുടെ പരസ്പരം ചെളിവാരിയെറിയെ സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. സിപിഎം കോണ്‍ഗ്രസ് ലീഗ് സൈബര്‍ ഇടങ്ങളില്‍ ഉള്‍പ്പെടെ വലിയ രീതിയില്‍ ഇവര്‍ രണ്ടുപേരെയും കളിയാക്കി കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. സംഘി കമ്മി കൊങ്ങി സുഡാപ്പി എന്നും പ്രത്യേകിച്ച് പേരെടുത്ത് പറയാത്തവരുടെ ഗ്രൂപ്പുകളിലാണ് കൂടുതലും ഈ വിഷയത്തിലുള്ള പോസ്റ്റുകള്‍ വരുന്നത്. ബിജെപി സംഘപരിവാര്‍ അനുഭാവികള്‍ ഇവരുടെ വിഷയത്തില്‍ രണ്ടു വശവും ചേര്‍ന്നുള്ള അഭിപ്രായമാണ് നടത്തുന്നത്. ചിലര്‍ പണിക്കരെയും ചിലര്‍ സംസ്ഥാന അധ്യക്ഷനെയും അനുകൂലിക്കുന്നു.
പത്താം തീയതിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍, ശ്രീജിത്ത് പണിക്കരെ ഉള്‍പ്പെടെ കളിയാക്കി കൊണ്ടുള്ള വാര്‍ത്ത ബൈറ്റ് ചാനലുകള്‍ക്ക് നല്‍കിയത്. ഇതേ തുടര്‍ന്ന് നാലുമണിക്കൂറിനുള്ളില്‍ തന്നെ ശ്രീജിത്ത് പണിക്കരും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പരസ്യമായി അപമാനിച്ചു ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഇവര്‍ രണ്ടുപേരും തമ്മിലുള്ള വിഷയം മറ്റൊരു തലത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.
പ്രിയപ്പെട്ട ഗണപതിവട്ടജി എന്നുപറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആണ് ശ്രീജിത്ത് പണിക്കര്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്, പോസ്റ്റിന്റെ അവസാനം ചിത്രം ചെറിയുള്ളി, തൊലിയുരിച്ചത് എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
നിങ്ങള്‍ക്ക് എന്നോട് നല്ല കലിപ്പ് ഉണ്ടാകും. മകന്റെ കള്ള നിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം, ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നല്ല കലിപ്പ് ഉണ്ടാവും, സ്വാഭാവികം…
എന്നു തുടങ്ങുന്ന പോസ്റ്റിന്റെ താഴെ കാണാം;
പ്രിയപ്പെട്ട ഗണപതിവട്ടജി,
നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.
സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാന്‍ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ”മൂന്ന് ഡസന്‍ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.
പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.
ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!
പണിക്കര്‍
ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.