വേനൽക്കാലം ആരംഭിച്ചതോടെ ഇൻഡോർ ആകർഷണങ്ങളിലേക്കുള്ള സന്ദർശകത്തിരക്കും അനുദിനം വർധിക്കുകയാണ്. കടുത്തചൂടിൽനിന്ന് മാറി കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ചകൾ ആസ്വദിക്കാനായി സീ വേൾഡ് അബുദാബിയിലെത്താം. കടലിലിറങ്ങാതെ തന്നെ കടൽക്കാഴ്ചകൾ കാണാമെന്നതാണ് യാസ് ദ്വീപിലെ ഈ മനുഷ്യനിർമിത കടലിന്റെ പ്രത്യേകത. 1.83 ലക്ഷം ചതുരശ്രമീറ്ററിൽ അഞ്ച് നിലകളിലായി വ്യാപിച്ചുകിടക്കുന്ന പാർക്കിൽ 68,000-ലേറെ കടൽ ജീവികളുണ്ട്.
കരയിലെയും കടലിലെയും ജീവജാലങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും ആഴക്കടലിലെ അത്ഭുതജീവികളെ അടുത്തറിയാനുള്ള അവസരവുമാണ് സീ വേൾഡ് നൽകുന്നത്. കടൽപ്പശു, കടലാമ, കടൽപ്പാമ്പ്, ഡോൾഫിൻ, വ്യത്യസ്തയിനം പക്ഷികൾ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണ് സീ വേൾഡ് അബുദാബി. 35-ലേറെ സാഹസിക റൈഡുകളും തത്സമയ പരിപാടികളും ഭക്ഷണത്തിനും ഷോപ്പിങ്ങിനുമായി പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.