മാരകമായ തീപിടിത്തമുണ്ടായ മംഗഫ് കെട്ടിടത്തിന്റെ ഉടമയെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമയെയും അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് പോലീസിന് ഉത്തരവിട്ടു. സംഭവസ്ഥലത്തെ ക്രിമിനല്‍ തെളിവ് ഉദ്യോഗസ്ഥരുടെ പരിശോധന അവസാനിക്കുന്നതുവരെ കെട്ടിടം. കെട്ടിടത്തില്‍ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേര്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്, തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി.
”ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണ്,” തീപിടുത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍തോതില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സമാന നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കുവൈറ്റ് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിനും നിര്‍ദേശം നല്‍കിയതായും ഷെയ്ഖ് ഫഹദ് കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍.
തീപിടിത്തത്തില്‍ മരിച്ചവരില്‍ കൂടുതലും മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫൊറന്‍സിക് എവിഡന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍ ഒവൈഹാന്‍ ആണ് മരണസംഖ്യ പുറത്തുവിട്ടത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്.
പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലു മണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്.