75 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ യുഎഇയില്‍ തിമിര്‍ത്തു പെയ്തിറങ്ങിയത്. വെള്ളപ്പൊക്കവും, വെള്ളക്കെട്ടുമുള്‍പ്പെട യുഎഇയിലെ ജനത്തിന് ദുരിതം വരുത്തിവെച്ച ആ മഴപെയ്ത്തിനെ അതിജീവിച്ചവര്‍ നിരവധിയാണ്. ഇപ്പോള്‍ യുഎഇയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭമല്ല, ആ വാര്‍ത്ത നിരവധി പേരരെ അലട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഏപ്രില്‍ 16 ന് പെയ്ത മഴയില്‍ വാഹനമോടിച്ചവര്‍ക്കാണ് പുതിയ പണി കാത്തു നില്‍ക്കുന്നത്. വെള്ളപ്പൊക്കമുള്ള തെരുവുകളില്‍ മനപൂര്‍വ്വം വാഹനമോടിച്ചവരുടെ കേടായ വാഹനങ്ങള്‍ക്ക് പരിരക്ഷ നല്‍കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പിനികള്‍ അറിയിച്ചു.
ഏപ്രില്‍ 16 ന് യുഎഇയില്‍ ഉണ്ടായ പേമാരിയുടെ ഫലമായി ദുബായ്, ഷാര്‍ജ, അജ്മാന്‍, മറ്റ് എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. സമാനതകളില്ലാത്ത മഴയില്‍ 50,000 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് കണക്ക്. ഇന്‍ഷുറന്‍സ് പോളിസിയിലെ പ്രകൃതി ദുരന്ത ക്ലോസ് പ്രകാരം, ഒരു സമഗ്ര ഇന്‍ഷുറന്‍സ് പോളിസി ഉള്ള വാഹനങ്ങള്‍ക്ക് മാത്രമേ ക്ലൈയിം ലഭിക്കുകയുള്ളുവെന്നും, തേര്‍ഡ് പാര്‍ട്ടി ബാധ്യതാ പ്ലാനുകള്‍ സാധാരണയായി പ്രകൃതി ദുരന്തങ്ങള്‍ കാരണം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായാല്‍ ക്ലൈയിം പൊതുവേ അനുവദിക്കാറില്ല.
വെള്ളപ്പൊക്കത്തില്‍ മനപൂര്‍വ്വം വാഹനം ഓടിച്ചവര്‍ക്കാണ് ഇന്‍ഷുറന്‍സ് പോളിസി ക്ലൈയിം നിരസിച്ചതെന്ന് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് ഡോട്ട കോം സിഇഒ അവിനാഷ് ബാബര്‍ പറഞ്ഞു, വെള്ളപ്പൊക്കത്തില്‍ മുങ്ങിയ തെരുവുകളിലൂടെ വാഹനമോടിക്കുന്നവര്‍ ബോധപൂര്‍വം വാഹനമോടിച്ചതായി കണ്ടെത്തിയാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മൊത്തം നഷ്ടം സംബന്ധിച്ച ക്ലെയിമുകള്‍ നിരസിക്കും.”ഇന്‍ഷുറന്‍സ് പോളിസികള്‍ സാധാരണയായി അശ്രദ്ധമായ പെരുമാറ്റത്തിന്റെ ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കവറേജ് നല്‍കാറില്ല, കൊടുങ്കാറ്റ് സമയത്തുള്‍പ്പടെ ആഴമുള്ള വെള്ളത്തിലൂടെ വാഹനമോടിക്കുന്നത് ഈ ഒഴിവാക്കലിന് കാരണമായി. തല്‍ഫലമായി, വാഹനത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചാലും അല്ലെങ്കില്‍ മൊത്തം നഷ്ടമായി കണക്കാക്കിയാലും, മനഃപൂര്‍വമോ അശ്രദ്ധമോ ആയ ഡ്രൈവിംഗ് നിര്‍ണ്ണയിച്ചാല്‍ അത്തരം ക്ലെയിമുകള്‍ നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്‍ഷുറന്‍സ് പോളിസി ക്ലൈയിം നിരസിക്കാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മഴ പെയ്ത സമയത്തോ അതിന് ശേഷമോ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലൂടെ വാഹനങ്ങള്‍ ഓടിച്ചിട്ടില്ലെന്ന് പ്രത്യേകം പരിശോധനകള്‍ നടത്തും. അതിനുശേഷം ക്ലൈമുകള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ നല്‍കും. ഒരു ക്ലൈയിം ഈ സൂക്ഷ്മപരിശോധന കടന്നുകഴിഞ്ഞാല്‍, അറ്റകുറ്റപ്പണികള്‍ക്കുള്ള അനുമതികള്‍ അതിവേഗം അനുവദിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കായി വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പുകളിലേക്ക് അയക്കുകയും ചെയ്യുന്ന നടപടികള്‍ ഇപ്പോള്‍ തുടരുന്നുണ്ട്.
വെള്ളപ്പൊക്കത്തിനു ശേഷം നിരവധി വാഹനങ്ങളാണ് യുഎഇയില്‍ ക്ലൈയിമുകള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. വാഹനങ്ങളുടെ അപേക്ഷ കൂടിയതിനാല്‍ പരിശോധനകള്‍ നടത്തുന്നത് വൈകുന്നുണ്ട്. സമീപകാല പ്രളയം യുഎഇ ഇന്‍ഷുറന്‍സ് വ്യവസായത്തെ ഒരു വിധത്തില്‍ തളര്‍ത്തിയതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളപ്പൊക്കം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഇന്‍ഷുറന്‍സ് ക്ലൈമുകള്‍ പൂര്‍ണമായും നല്‍കാന്‍ കമ്പിനികള്‍ക്കായിട്ടില്ല. കനത്ത മഴ പെയ്ത സമയത്ത് അണ്ടര്‍പാസിലും റോഡരികിലും നിറുത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലേക്കാണ് വെളളം ഇരച്ചു കയറി നാശ നഷ്ടം ഉണ്ടായത്. പല വാഹനങ്ങളും ഉപേക്ഷിച്ചു പോയത് പൊലീസിനുള്‍പ്പടെ തലവേദന സൃഷ്ടിച്ചിരുന്നു.