കുവൈത്ത് സിറ്റി: കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്ത അപകടത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.
ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈത്ത് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികളാണ്. കൊല്ലം ഒയൂർ സ്വദേശി ഷമീർ, ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ്, സ്റ്റീഫൻ എബ്രഹാം, അനിൽ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വർഗീസ് എന്നിവരാണ് മരിച്ച മലയാളികളിൽ ഉൾപ്പെടുന്നത്. 50 -ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മുപ്പതിലധികം പേർ മലയാളികളെന്നാണ് വിവരം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും എല്ലാ സഹായങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.