കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മംഗെഫിലെ ലേബർ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരിൽ 21 പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം.
“കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തം ദുഖകരമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു:- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, തീപിടിത്തത്തിൽ മരിച്ചവരിൽ 21 പേരുടെ വിവരങ്ങൾ ലഭിച്ചു. ഇവർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ,കേളു പൊന്മലേരി, സ്റ്റീഫിൻ എബ്രഹാം സാബു,അനിൽ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വർഗീസ്, ദ്വാരികേഷ് പട്നായിക്, മുരളീധരൻ പി വി, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്. ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും.
ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ സ്ഥാനപതി ആദർശ് സൈക്യ സന്ദർശിച്ചു. മരിച്ചവരെയും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി +965505246 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.