കണ്ണൂർ: കണ്ണൂർ കൂടി ഇങ്ങ് തരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. നയനാരുടെ കുടുംബവുമായി ആത്മബന്ധമാണ് തനിക്കുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി പാവങ്ങളെ സഹായിക്കുന്ന വ്യക്തിയെന്നും മന്ത്രിയെന്ന നിലയിൽ ശോഭിക്കാൻ കഴിയുമെന്നും നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറഞ്ഞു.
കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ഇ.കെ നായനാരുടെ വീട്ടിലെത്തിയത്. നായനാരെക്കുറിച്ചുളള പുസ്തകം നൽകിയാണ് നായനാരുടെ പത്നി ശാരദ ടീച്ചർ സുരേഷ് ഗോപിയെ സ്വീകരിച്ചത്.
സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് ശാരദ ടീച്ചർ പ്രതികരിച്ചു. രാഷ്ട്രീയത്തിന് അതീതമായി പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. ഇതിനുമുമ്പും പല തവണ വീട്ടിലെത്തി തന്നെ കണ്ടിട്ടുണ്ട്. ഭക്ഷണവും കഴിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ശാരദ ടീച്ചർ പറഞ്ഞു.
ബിജെപി നേതാക്കളെ പൂർണമായും ഒഴിവാക്കിയായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം. ശാരദടീച്ചർ പിതൃസഹോദരിയെപ്പോലെയെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
രാവിലെ കോഴിക്കോട്ടെത്തിയ സുരേഷ് ഗോപി പി വി ഗംഗാധരന്റെ വീട്ടിലും സന്ദർശനം നടത്തി. പി വി ഗംഗാധരന്റെ മക്കളും ബന്ധുക്കളും എം വി ശ്രേയാംസ്‌കുമാറും വീട്ടിലുണ്ടായിരുന്നു. കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.