കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡല്‍ഹിയിൽ നിന്നാണ്.
അതേസമയം പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ഏഴാം തിയതിയാണ് ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ഡല്‍ഹിയിൽ എത്തിയ യുവതി വീഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.
തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി അറിയിച്ചിരുന്നു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ രംഗത്തെത്തിയിരുന്നു. മെയ് 28ന് ശേഷം ഒരാഴ്ചയായി ഓഫീസില്‍ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന്‍ പറഞ്ഞിരുന്നു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് യുവതിയുടെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി രംഗത്തെത്തിയത്.
താന്‍ സുരക്ഷിതയാണ്. സമ്മര്‍ദ്ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. എന്തുകൊണ്ടാണ് മുമ്പ് ഭര്‍ത്താവിനെതിരെ അങ്ങനെ പറയേണ്ടി വന്നതെന്ന് നേരത്തെ പറഞ്ഞതാണ്. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുന്നതിന് അപ്പുറമായത് കൊണ്ടാണ് യുട്യൂബില്‍ വീഡിയോ പങ്കുവെക്കുന്നതെന്നും യുവതി പറഞ്ഞു.
തന്റെ കഴുത്തിലുള്ള മുറിവ് ജന്മനാ ഉള്ളതാണ്. ആരും ഫോണ്‍ ചാര്‍ജ്ജര്‍ കൊണ്ട് ഉണ്ടാക്കിയതല്ല. കുടുംബത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് രാഹുലിനെതിരെ മൊഴി നല്‍കിയത്. ഭീഷണിക്ക് വഴങ്ങി നല്‍കിയ മൊഴിയാണ് എല്ലാം. സത്യങ്ങള്‍ പറയാന്‍ വൈകി പോയി. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. താന്‍ നുണപരിശോധനക്ക് തയ്യാറാണെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് രാഹുലിനെതിരെ താന്‍ പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തെറ്റായ പരാതികള്‍ ഉന്നയിച്ചത്. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി വിഡീയോയില്‍ പറയുന്നുണ്ട്.