ടയർ പൊട്ടിയുണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കാൻ നടപടി ശക്തമാക്കി അബുദാബി. സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ ടയറുകളുമായി റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കും. ചൂടു കാലമായതിനാൽ ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്നും വേനൽക്കാലത്ത് ടയർപൊട്ടിയുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
യാത്ര പുറപ്പെടുന്നതിനു മുൻപ് ടയറുകളുടെ അവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തണം. ടയറുകളിലെ വായു മർദം കുറയുകയും കൂടുകയും ചെയ്താലും അപകടമുണ്ടാകും. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി അപകടരഹിത ഉഷ്ണകാലം എന്ന പ്രമേയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ എമിറേറ്റുകളിൽ തുടങ്ങിയ പരിശോധനാ ക്യാംപെയ്ൻ സെപ്റ്റംബർ ഒന്നുവരെ തുടരും.