കൊല്ക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള നാല് വയസ്സുകാരിയ്ക്ക് എച്ച്9എൻ2 പക്ഷിപ്പനി വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. കടുത്ത പനി, വയറുവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കുട്ടി വീടിന് സമീപത്തെ പക്ഷി വളർത്തൽ കേന്ദ്രത്തിൽ പോയിരുന്നു. കുട്ടി കോഴിയുമായി സമ്പർക്കം പുലർത്തിയിരുന്നതായും കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന പനി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് ഫെബ്രുവരിയിൽ കുട്ടിയെ പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്. നിരവധി പരിശോധനകൾക്ക് ശേഷം ഏപ്രിലിൽ എച്ച് 9 എൻ 2 വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മെയ് 1ന് രോഗിയെ ഓക്സിജൻ പിന്തുണയോടെ ഡിസ്ചാർജ് ചെയ്തു. ഇവരുടെ വീട്ടിലുള്ള കോഴിഫാമിൽ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയിക്കുന്നത്.
ഏവിയൻ ഇൻഫ്ലുവൻസ എന്നും അറിയപ്പെടുന്ന പക്ഷിപ്പനി മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കും. എ, ബി, സി, ഡി എന്നിങ്ങനെ നാല് തരം ഇൻഫ്ലുവൻസ വൈറസുകളുണ്ട്. ഇൻഫ്ലുവൻസ എ വൈറസിൻ്റെ ഒരു ഉപവിഭാഗമാണ് H9N2. സാധാരണയായി മൃഗങ്ങളിൽ ബാധിക്കുന്ന രോഗം മനുഷ്യരിലും പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിൽ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അഞ്ച് വർഷം മുമ്പ് 2019 ൽ ഒരാളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. വൈറസ് സാധാരണയായി നേരിയ രോഗത്തിലേക്ക് നയിക്കുമെങ്കിലും, വിവിധ പ്രദേശങ്ങളിൽ കോഴിയിറച്ചിയിൽ കാണപ്പെടുന്ന ഏറ്റവും വ്യാപകമായ ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളിൽ ഒന്നാണ് H9N2 എന്നതിനാൽ മനുഷ്യർക്ക് ഇടയ്ക്കിടെയുള്ള കേസുകൾ ഇനിയും ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
എന്താണ് H9N2 വെെറസ്?
പക്ഷികളിൽ സാധാരണയായി കാണപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസ വൈറസിൻ്റെ ഒരു ഉപവിഭാഗമാണ് H9N2. അണുബാധയുള്ള മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള ഇടപെടലിലൂടെയോ വൈറസ് പടരുന്നു.
ലക്ഷണങ്ങൾ
ശ്വാസകോശ സംബന്ധമായ അണുബാധകൾ, ചെങ്കണ്ണ്, ദഹനപ്രശ്നങ്ങൾ, മസ്തിഷ്കജ്വരം, മസ്തിഷ്ക വീക്കം എന്നിവയാണ് സാധാരണയായി മനുഷ്യരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ ഈ ലക്ഷണങ്ങൾ മാരകമായേക്കാം.
H5N1, H7N9 എന്നിവ പോലുള്ള മറ്റ് ഏവിയൻ ഇൻഫ്ലുവൻസ ഇനങ്ങളെ അപേക്ഷിച്ച് H9N2 ഭയപ്പെടുത്തുന്ന രോഗമല്ല.
എച്ച് 9 എൻ 2 പക്ഷിപ്പനി ചികിത്സയിൽ സനാമിവിർ (റെലെൻസ), ഒസെൽറ്റാമിവിർ (ടാമിഫ്ലു) തുടങ്ങിയ ആൻറി-വൈറൽ മരുന്നുകളും പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയും ഉൾപ്പെടുന്നു.