തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിയ മുഴുവന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും യാത്രാ പാസ് (നുസുക് കാര്‍ഡ്) അനുവദിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു. യാത്ര പാസ് ലഭിക്കാത്ത പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വിദേശകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രിമാര്‍ക്കും സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും കത്തെഴുതിയിരുന്നു.
തുടര്‍ന്നാണ് അധികൃതര്‍ പാസ് നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. തീര്‍ത്ഥാടകര്‍ക്ക് പുറത്തിറങ്ങാനും വിവിധ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും യാത്രാ പാസ് ആവശ്യമാണ്.
ഇത്തവണ കേരളത്തില്‍ നിന്ന് 18201 പേരാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സൗദിയില്‍ എത്തിയത്. ഇതില്‍ 10792 പേര്‍ സ്ത്രീകളാണ്. ആദ്യമായാണ് ഇത്രയധികം പേര്‍ കേരളത്തില്‍നിന്ന് ഹജ്ജ് നിര്‍വഹിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി വഴിയാണ് തീര്‍ത്ഥാടകര്‍ യാത്ര തിരിച്ചത്. ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ ആദ്യവാരം തീര്‍ത്ഥാടകര്‍ മടക്കയാത്ര തുടങ്ങും.