പക്ഷിപ്പനി കൂടി വരികയാണ്. ഇതേ തുടർന്ന് പല മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ സാധാരണയായി പക്ഷിക്കളുമായി ഇടപഴകുമ്പോഴും ഇറച്ചി കഴിക്കുമ്പോഴും ആണ് ഈ അസുഖം വരുന്നത്, എന്നാൽ ഇപ്പോൾ യുഎസിൽ ഡെയറി ഫാമിൽ ജോലി ചെയ്യുന്ന മൂന്നാമത്തെ വ്യക്തിക്കും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. പൊതുജനാരോഗ്യ മേഖലയിൽ ഈ രോഗം കാര്യമായ അപകടം സൃഷ്ടിക്കുകയില്ലെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്. യുഎസിലെ ഡെയറി ഫാമിൽ വ്യാപക പരിശോധന നടത്തിയ ആരോഗ്യ പ്രവർത്തകർ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളിലാണ് പശുക്കൾക്കിടയിൽ പക്ഷിപനിയുള്ളതായി കണ്ടെത്തിയത്.
ഏപ്രിൽ ഒന്നിന് ടെക്സസിൽ നിന്നുള്ള ജോലിക്കാരനാണ് ആദ്യം പക്ഷിപ്പനി ബാധിച്ചത്. തൊട്ടുപിന്നാലെ മിഷിഗനിൽ നിന്നുള്ള വ്യക്തിക്കും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇയാളും ഡെയറി ജോലിക്കാരനാണെന്ന് മനസ്സിലാക്കിയതോടെയാണ് പശുക്കളിൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത അധികൃതർ പരിശോധിച്ചത്.