ഇറ്റാനഗര്‍: അരുണാചൽ പ്രദേശില്‍ നയിച്ച പേമ ഖണ്ഡു വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കും. ബി.ജെ.പി നിയമസഭ കക്ഷി നേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി അദ്ദേഹം വൈകാതെ ഗവർണർ കെ.ടി പർണായികിനെ കാണും. വ്യാഴാഴ്ച രാവിലെയാകും സത്യപ്രതിജ്ഞ ചടങ്ങ്. മുതിർന്ന നേതാക്കളായ രവിശങ്കർ പ്രസാദ്, തരുൺ ചുഗ് എന്നിവരാണ് പാർട്ടി നിയമസഭ കക്ഷി യോഗത്തിൽ നിരീക്ഷകരായെത്തിയത്.
60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 46 സീറ്റാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ നാഷനൽ പീപ്പിൾസ് പാർട്ടിക്ക് അഞ്ചും എൻ.സി.പിക്ക് മൂന്നും അരുണാചൽ പീപ്പിൾസ് പാർട്ടിക്ക് രണ്ടും കോൺഗ്രസിന് ഒന്നും സീറ്റുകൾ വീതമാണ് ലഭിച്ചത്. മൂന്ന് സ്വതന്ത്രരും ജയിച്ചുകയറി. നാഷനൽ പീപ്പിൾസ് പാർട്ടി ബി.ജെ.പി സർക്കാറിന് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും കാബിനറ്റിൽ ഇടം ലഭിച്ചേക്കില്ല.