മലയാളികൾക്ക് ഏറെ പ്രിയങ്കരനായ വില്ലനാണ് ആശിഷ് വിദ്യർഥി. സിഐഡി മൂസയെ ഒതുക്കാൻ നടക്കുന്ന ക്രൂരനായ കമ്മീഷണർ ഗൗരി ശങ്കറായിട്ടാകും ആശിഷ് വിദ്യാർത്ഥിയെ മലയാളികൾ ഓർക്കുക. സിഐഡി മൂസയിലെ കമ്മീഷണർ വേഷം ഹിറ്റായതോടെ പിന്നെ തുടരെ തുടരെ നിരവധി മലയാള സിനിമകളിൽ ആശിഷ് അഭിനയിച്ചു. ചെസ്സ്, രക്ഷകൻ, ഡാഡി കൂൾ, ബാച്ച്ലർ പാർട്ടി തുടങ്ങിയ സിനിമകളിൽ എല്ലാം ശ്രദ്ധേയ വേഷം ആശിഷ് വിദ്യാർഥി അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് അരങ്ങേറും മുമ്പ് തന്നെ ആശിഷിന്റെ മുഖം തമിഴ് സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമാണ്. തമിഴിലും മലയാളത്തിലും മാത്രമല്ല തെലുങ്ക്, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ട് താരം.
വേറിട്ട അഭിനയശൈലി കൊണ്ട് ഇന്ത്യൻ സിനിമാലോകം കീഴടക്കിയ ആശിഷ് വിദ്യാർഥി കഴിഞ്ഞ വർഷം വീണ്ടും വിവാഹിതനായിരുന്നു. രൂപാലി ബറുവ എന്ന സംരംഭകയെയാണ് ആശിഷ് വധുവാക്കിയത്. മുൻ ഭാര്യ രജോഷി ബറുവയിൽ നിന്നും വളരെ വർഷങ്ങൾക്ക് മുമ്പെ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായത്. ആസാം സ്വദേശിനിയാണ് രൂപാലി. ഇവർ ഗുവാഹത്തിയിൽ മുന്തിയ വസ്ത്ര ബ്രാൻഡ് നടത്തിപ്പോരുന്നുണ്ട്. പരിചയപ്പെട്ട ശേഷം ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചേരുകയുമായിരുന്നു. ആദ്യ ഭാര്യയിൽ ആശിഷ് വിദ്യാർത്ഥിക്ക് 23 വയസുള്ള മകനുണ്ട്. രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ ആശിഷ് പങ്കിട്ടപ്പോൾ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.
ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും സ്റ്റാൻഡ് അപ് കോമഡി ഷോ അവതരണത്തിലേക്ക് തിരിഞ്ഞതിനെ കുറിച്ചും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ആശിഷ്. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… എന്റെ കൂട്ടുകാരി രൂപാലിയും ഞാനും കല്യാണം കഴിച്ചപ്പോൾ ഒരുപാടുപേർ മോശം വാക്കുകളിൽ അവരുടെ അനിഷ്ടവും വെറുപ്പും കമന്റുകളായൊക്കെ എഴുതിയിരുന്നു. ആ കല്യാണമല്ല ആരുടേയും പ്രശ്നം… എന്റെ പ്രായമാണ് എന്നാണ് എനിക്ക് മനസിലായത്. ഈ പ്രായത്തിൽ അടങ്ങി ഒതുങ്ങി അയ്യോ… വയ്യേ എന്ന് പറഞ്ഞിരിക്കാതെ ജീവിതം ആസ്വദിക്കുന്നത് എന്തിനാണ് എന്നതാണ് ചിലരുടെ പ്രശ്നം. അപ്പോഴും വളരെ വ്യക്തിപരമായി ചിലർ ‘ഇത് വലിയ പ്രതീക്ഷയാണ് ഞങ്ങൾക്ക് തരുന്നത്, എന്റെ പ്രണയകഥയും ഇതുപോലെ ഒരുനാൾ പൂവണിയുമല്ലോ എന്നൊക്കെ സന്തോഷം പറഞ്ഞു.
അവരിലാണ് എന്റെ പ്രതീക്ഷ. എന്റെ കാൽമുട്ടുകൾക്ക് വേദനയുണ്ട്. തോൾ എല്ലിന് പരുക്കുണ്ട്. പക്ഷെ അതിലൊന്നും എനിക്ക് ഒരു പരാതിയുമില്ല. അതിനുമൊക്കെ ഒരുപാട് അപ്പുറത്താണ് എന്റെ ജീവിതത്തോടുള്ള പ്രണയം. ഒരു പ്രായമെത്തുമ്പോൾ അകാരണമായ വിഷമവും ക്ഷീണവുമെല്ലാം പിടികൂടും. അത് ഒഴിവാക്കാൻ എപ്പോഴും ഉത്സാഹിയായിരിക്കാൻ ശ്രദ്ധിച്ചാൽ മതി. അതാണ് എന്റെ ജീവിതപാഠം. ഏത് ബന്ധങ്ങളായാലും അതിൽ പരസ്പര ബഹുമാനം ഉണ്ടായിരിക്കണം. പല തരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോയാലും എന്തൊക്കെത്തരം വേദനയുണ്ടായാലും കൂടെ ജീവിക്കുന്നവരോടുള്ള സ്നേഹവും ബഹുമാനവും വിട്ടുകളയരുത്.
എന്റെ പങ്കാളി രൂപാലിയുമായി പുതിയ ജീവിതം തുടങ്ങിയപ്പോളും പലരും പലതും പറഞ്ഞില്ലേ. അവരോടും എനിക്ക് ബഹുമാനമേയുള്ളൂ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിനെ ദേഷ്യത്തോടെ കണ്ടാൽ പിന്നെയും നമുക്ക് ടെൻഷൻ കൂടുകയല്ലേയുള്ളു.
എല്ലാത്തിനേയും ചെറിയ ചിരിയോടെ സ്വീകരിക്കുക. സ്വന്തം ജീവിതം നന്നായി ജീവിക്കുക. ജനിച്ചത് കണ്ണൂരിലെ ധർമ്മടത്താണ്. പക്ഷെ വളർന്നത് പല നാടുകളിലായാണ്. മലയാളം ഞാൻ പഠിച്ചിട്ടില്ല. കേട്ടാൽ മനസിലാകും എന്നേയുള്ളു. ഹിന്ദിയും ഇംഗ്ലീഷും ബംഗ്ലയുമാണ് എനിക്ക് ആകെ സംസാരിക്കാൻ അറിയാവുന്ന ഭാഷ. പക്ഷെ ഭാഷയ്ക്ക് അതീതമാണ് മനുഷ്യരുടെ സ്നേഹം എന്നാണ് ആശിഷ് വിദ്യാർഥി പറഞ്ഞത്.