കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 11 മലയാളികളാണെന്നാണ് പ്രാഥമിക വിവരം. ഒന്‍പത് മലയാളികളെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.
എന്‍.ബി.ടി.സി ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി കേളു പൊന്മലേരി, കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കുവൈത്തില്‍ ജോലി ചെയ്യുന്ന കാസര്‍കോട് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശിയും എന്‍ജിയറുമായ സ്റ്റെഫിന്‍ എബ്രഹാം സാബു (29), പന്തളം മുടിയൂര്‍ക്കോണം സ്വദേശം ആകാശ് എസ് നായര്‍, കൊല്ലം സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54), കൊല്ലം വെളിച്ചിക്കാല വടക്കോട് വിളയില്‍ ലൂക്കോസ് (സാബു-45), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56) എന്നീ മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലർക്കും പരിക്കേറ്റിട്ടുണ്ട്.
കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി +965505246 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ സ്ഥാനപതി ആദർശ് സൈക്യ സന്ദർശിച്ചിരുന്നു.
















