Kerala

കുവൈറ്റിലെ തീപിടിത്തം: ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദക്ഷിണ കുവൈറ്റിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വയ്ക്കണമെന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരണത്തിൽ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു.

ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാ​ഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നു. മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരം. ഇവരോടുള്ള ആദര സൂചകമായി ലോക കേരളസഭ നിർത്തിവ യ്ക്കണമെന്ന് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം കുവൈറ്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തിര സഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് തുടങ്ങിയിട്ടുണ്ട്. അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചിരുന്നു. അപകടത്തില്‍പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തു.