ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പക്ഷിപ്പനി ജാഗ്രത തുടരുന്നതിനാൽ പക്ഷികളെ വളർത്തുന്നവർ കർശനമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം. ചേർത്തല മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി പഞ്ചായത്ത് എന്നിവിടങ്ങളിലെ പക്ഷികളിൽ പക്ഷിപ്പനി സംശയിക്കുന്നതിനാലും, മുഹമ്മ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാലുമാണ് പ്രത്യേത നിർദേശം നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ജാഗ്രത മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ കോഴി, മറ്റു പക്ഷികളെ വളർത്തുന്നവർ കർശനമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
ജില്ലയിൽ പക്ഷിപ്പനി പല പഞ്ചായത്തുകളിൽ സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ അധിക വ്യാപനം തടയുന്നതിന് വേണ്ടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ജാഗ്രത നിർദ്ദേശങ്ങൾ നൽകിയത്. തുടർന്ന് നടന്ന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ എ. കൗശികൻ, ജില്ല മൃഗസംരക്ഷണ ഓഫീസർ ജോയി ഫ്രാൻസിസ്, വിവിധ വകുപ്പുകളുടെ ജില്ല തല ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല മുനിസിപ്പാലിറ്റി, കുമരകം, അയ്മനം, ആർപ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂർ, മാരാരിക്കുളം വടക്ക്, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയിൽ, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാർഡുകൾ, പട്ടണക്കാട്, വയലാർ, ചേന്നം പള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടിവി പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രത മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ.
ഫാമിലും പരിസരത്തും പുറമേ നിന്ന് വാഹനങ്ങൾ, വ്യക്തികൾ പ്രവേശിക്കാതെ സൂക്ഷിക്കുക.
അത്യാവശ്യ ഘട്ടങ്ങളിൽ ശരിയായ രീതിയിൽ അണുനശീകരണം നടത്തിയ വാഹനങ്ങൾ, ഉപകരണങ്ങൾ മാത്രം അനുവദിക്കുകയും ഫാമിൽ നിന്ന് പുറത്തു പോകുന്ന വാഹനങ്ങൾക്കും അണുനശീകരണം നടത്തിയിരിക്കേണ്ടതാണ്.
പുറമേ നിന്നുള്ള മറ്റു പക്ഷി മൃഗാദികൾ ഫാം പരിസരത്ത് പ്രവേശിക്കാതെ സൂക്ഷിക്കേണ്ടതാണ്.
ഫാമിൽ ജോലി ചെയ്യുന്നവർ കൈയുറ, മുഖാവരണം, ഗംബൂട്ട്/ഷുകവർ മുതലായവ ധരിക്കേണ്ടതും, അണുനാശിനികൾ ഉപയോഗിച്ച് വ്യക്തി ശുചിത്വം ഉറപ്പാക്കേണ്ടതുമാണ്. ഫാം നടത്തുന്നവർ മറ്റു പക്ഷി ഫാമുകളോ, സങ്കേതങ്ങളോ സന്ദർശിക്കാൻ പാടുള്ളതല്ല.
ഫാമിന്റെ പ്രവേശന കവാടത്തിൽ രണ്ട് ശതമാനം വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടതാണ്.
ഫാമിലുള്ള പക്ഷികളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കേണ്ടതാണ്. പക്ഷികളിൽ അസ്വഭാവിക മരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കേണ്ടതാണ്
എന്നീ ജാഗ്രത നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.