Food

നല്ല പൊളപ്പൻ ചിക്കൻ തോരൻ തിരോന്തരത്ത് കിട്ടും : ആര്യനാട് വരെ പോയാമതി

ഭക്ഷണപ്രേമികൾ ഒക്കെ എവിടെ, പ്രേത്യേകിച്ച് എരിവ് ഇഷ്ട്ടം ഉള്ളവർ… നല്ല നാടൻ എരിവുള്ള ചിക്കൻ തോരനും, കപ്പയും ആയാലോ..

തിരുവനന്തപുരം ആര്യനാട്ടെ ചിക്കൻ തോരന്റെ മഹിമ പണ്ടേക്കു പണ്ടേ പ്രസിദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ.ആര്യനാട് – തിരുവനന്തപുരത്തു നിന്നും മുപ്പതു കിലോമീറ്റർ മാറി നെടുമങ്ങാട് താലൂക്കിൽ ഉള്ള ഗ്രാമം ആണ്.

കേരളത്തിലെ എല്ലാ ഭക്ഷണപ്രേമികളുടെയും നാവിൽ രുചിയുടെ പെരുമ്പറമേളം തീർക്കുന്ന “ആര്യനാടൻ ചിക്കൻ തോരന്റെ” ഉത്ഭവം ഇവിടുന്നാണ്.1990 കാലഘട്ടത്തിൽ തിരുവനന്തപുരത്തു ഏറ്റവും കൂടുതൽ “ഒഴിപ്പ്” എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന വ്യാജവാറ്റും / ചാരായ ഉത്പാദനവും നടന്നിരുന്ന സ്ഥലമായിരുന്നു ആര്യനാട്. അക്കാലത്ത് ഷാപ്പിലേക്കുള്ള ഒരു പ്രത്യേക വിഭവമായി തങ്കപ്പൻ എന്ന മനുഷ്യന്റെ കൈപുണ്യത്തിൽ ഉടലെടുത്തതാണ് ചിക്കൻ തോരൻ..

1996ലെ ആന്റണി സർക്കാർ കാലത്തെ ചാരായ നിരോധനവും തുടർന്നുണ്ടായ വെടിവയ്പ്പ് സംഭവങ്ങളും കേരള ചരിത്രത്തിന്റെ ഒരേട് മാത്രം. അത് കൊണ്ട് തന്നെ ഇവിടെ ഉണ്ടാക്കുന്ന ഭക്ഷണവും ഇത്തിരി ഹെവി ആണ്.ചിക്കൻ തോരൻ, ഇജ്ജാതി കിടുക്കാച്ചി ഐറ്റം.അത് പോലെ ആര്യനാട് ചിക്കന്റെ എരിവ് ഇത്തിരി ഹെവിയാണ് അതിനാൽ സൂക്ഷിച്ചും കണ്ടുമൊക്കെ കഴിക്കുക. ഇനി കടയെ കുറിച്ച് പറയാം.തങ്കപ്പനാശാന്റെ ഇന്നത്തെ കടയാണ് ശംഭു ശങ്കരൻ..

കടയ്ക്ക് ഏതാണ്ട് ഇരുപത്തിയാറ് വർഷത്തെ പഴക്കമുണ്ട്. മുൻപ് സന്ധ്യാ ഹോട്ടൽ എന്നായിരുന്നു പേര് പിന്നീട് ചെറുമക്കളായ ശംഭുവും ശങ്കരനും ജനിച്ചപ്പോൾ അവർക്കായി ഹോട്ടൽ ശംഭു ശങ്കരനെന്നു പുനർനാമം ചെയ്തു. ഒരു ഇരുമുറി കെട്ടിടം. ഒരു മുറിയിൽ ഏതാണ്ട് പന്ത്രണ്ട് പേർക്കിരിക്കാം.അടുത്ത മുറി അടുക്കളയാണ്.. അവിടെ ഗിരിജാമ്മയുണ്ട്. തങ്കപ്പൻ മാമന്റെ ഭാര്യ.തോരന്റെ ഇൻ ചാർജ് ഗിരിജാമ്മയ്ക്കാണ്. വല്യ അണ്ടാവിലെ തോരൻ ആവശ്യാനുസരണം പ്ലേറ്റിൽ നിറയ്ക്കുന്നത് ഈ അമ്മയാണ്. ഇവിടെ വന്നാൽ നല്ല തുമ്പപ്പൂ പോലത്തെ ചോറും, നാരങ്ങാ അച്ചാറും ഒടൻകൊല്ലി മുളക് ചേർത്ത സലാഡും കിട്ടും. കൂടെ നല്ല വെന്ത് കൊഴഞ്ഞ കപ്പയും ഒഴിക്കാനായി ഗ്രേവിയും കൂടെ നാടൻ കോഴിയിൽ ഉണ്ടാക്കിയ തനിനാടൻ ചിക്കൻ തോരനും, കുറുകിയ കഞ്ഞിവെള്ളവും. ഇത് പോരെ അളിയാ.. ഇനി എന്ത് വേണം..