ന്യൂഡല്‍ഹി: കുവൈത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കും. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം അപകടം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനും വിദേശകാര്യ മന്ത്രാലയ വിഭാഗം ഉടന്‍ കുവൈത്തിലേക്ക് പോകണമെന്നും നിര്‍ദേശിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കുവൈത്തിലേക്ക് പോകും. അപകടത്തിൽപ്പെട്ടതിൽ കൂടുതൽ പേരും കേരളത്തിലും ദക്ഷിണേന്ത്യയിലും നിന്നുള്ളവരാണ്. അപകടത്തിൽപ്പെട്ട ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു. ആശുപത്രിയിൽ ഉള്ളവരിൽ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു.
കേന്ദ്രസർക്കാർ എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യനും പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കും. എത്ര മലയാളികൾ മരിച്ചെന്ന് സ്ഥിരീകരിച്ച വിവരം ലഭിച്ചിട്ടില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.