തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ തുടരന്വേഷണം നടത്തിയശേഷം മുഴുവൻ രേഖകളും നൽകിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. റിപ്പോർട്ടിന്റെ പകർപ്പുകള്‍ മുഴുവൻ കൈമാറണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
മന്ത്രി വി.ശിവൻകുട്ടി, എൽ.ഡി.എഫ് നേതാക്കളായ ഇ.പി ജയരാജൻ,കെ.ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് കേസ്. തുടരന്വേഷണം നടത്തി ക്രൈം ബ്രാഞ്ച് നൽകിയ വിചാരണ തുടങ്ങുന്നതിന് മുമ്പ് മുഴുവൻ വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ പ്രതികള്‍ക്ക് കൈമാറാൻ കഴിയുന്ന എല്ലാ രേഖകളും ഇതിനകം കൈമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഈ തർക്കമാകും പരിഗണിക്കുക. മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെ ആറ് എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിവരെ പ്രതികള്‍ പോയെങ്കിലും കോടതി തള്ളിയിരുന്നു.
വിചാരണ ആരംഭിക്കാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പിന്നീട് കോടതി സമീപിച്ചു. തുടരന്വേഷണം നടത്തിയ റിപ്പോർട്ട് നൽകിയതിനെ പിന്നാലെയാണ് തടസ്സ ന്യായങ്ങള്‍ പ്രതികള്‍ ഉന്നയിക്കുന്നത്.