കുവൈത്തിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യിലെത്തിക്കാന്‍ വ്യോമസേനയുടെ വിമാനം സജ്ജമാക്കി. ഇന്ന് രാവിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് കുവൈത്തില്‍ എത്തും. അടിയന്തിര പ്രാധാന്യത്തോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ഇടപെടലുകള്‍ക്കും, ചിക്തസയില്‍ കഴിയുന്നവര്‍ക്ക് വിദഗദ്ധ ചികിത്സ ഉറപ്പാക്കുന്നതിനുമായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്കു പോകുന്നത്. അതേസമയം, കുവൈത്ത് ദുരന്തം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
അപകടത്തില്‍ മൊത്തം 51 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം കുവൈത്ത് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ 26 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 14 മലയാളികളുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 50ല്‍ അധികം പേരില്‍ മൂപ്പതോളം പേരും മലയാളികളാണ്. 5 ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള 9 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
മരിച്ച മലയാളികള്‍ ഇവര്‍
ദുരന്തത്തില്‍ മരണപ്പെട്ട 14 മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള തീരുമാനമായിരിക്കും സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളുക. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍, ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കോട്ടയം സ്വദേശികളായ പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് സ്വദേശികളായ ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പ്രാണന്‍ രക്ഷിച്ച വാട്ടര്‍ടാങ്ക്
അതേസമയം, തീയിലും പുകയിലും സുഹൃത്തുക്കള്‍ വെന്തു മരിക്കുന്നതിനിടയില്‍ തൃക്കരിപ്പൂര്‍ സ്വദേശി നളിനാക്ഷന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. മുറിയില്‍ പുക നിറയുകയും വെന്തുമരിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ നളിനാക്ഷന്‍ ഫ്‌ളാറ്റില്‍ നിന്നും എടുത്തു താഴേക്കു ചാടി. താഴെ ലാന്‍ഡു ചെയ്തത് വാട്ടര്‍ ടാങ്കില്‍. ശരീരത്തില്‍ ചെറിയ പരിക്കുകള്‍പറ്റിയെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷമുണ്ട്. 10 വര്‍ഷത്തിലേറെയായി കുവൈത്തില്‍ ജോലിയെടുക്കുന്ന നളിനാക്ഷന്‍, വിവിധ സംഘടനകളുമായി ചേര്‍ന്നു സന്നദ്ധ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. നിരവധി പേര്‍ തീപിടിത്തത്തില്‍ മരിച്ചുവെന്ന വാര്‍ത്ത പരന്നതോടെ അമ്മ യശോദയും ഭാര്യ ബിന്ദുവും സഹോദരങ്ങളും ആധിയിലായിരുന്നു. പിന്നീട് നളിനാക്ഷന്‍ ഇവരുമായി ഫോണില്‍ സംസാരിച്ചതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമായത്.
നിയമങ്ങള്‍ ശക്തമാക്കി കുവൈത്ത് ഭരണകൂടം
കുവൈത്തിനെ ഞെട്ടിച്ച തീ പിടുത്തമായതിനാല്‍ കുവൈത്ത് സര്‍ക്കാര്‍ നിയമങ്ങള്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ തുടക്കമായി ഇന്നലെത്തന്നെ മുനിസിപ്പല്‍ ഉദ്യോഗസസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. കെട്ടിടം ഉടമയെയും കമ്പനി ഉടമയെയും അറസ്റ്റു ചെയ്യുകയും ചെയ്തു. നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശക്തമായ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. രാജ്യത്തെ വിവിധ കെട്ടിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവിട്ടു. തീ പടര്‍ന്ന കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കും. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അല്‍ സബാഹ് ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തെക്കന്‍ കുവൈത്തില്‍ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ വിദേശ തൊഴിലാളി തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് ഇന്നലെ പുലര്‍ച്ചെ തീ പിടിത്തമുണ്ടായത്. തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന 6 നില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ 25 പേരെങ്കിലും മലയാളികളാണെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം. കെട്ടിടത്തിന്റെ (ബ്ലോക്ക്4) താഴത്തെ നിലയില്‍ നിന്നു തീ പടരുകയായിരുന്നു. ഇരുനൂറോളം പേരാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.
ഗ്യാസ് സിലിണ്ടര്‍ ചതിച്ചു
ഈജിപ്ഷ്യന്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ്, മുബാറക് അല്‍ അകബീര്‍, അഹ്‌മദി മേഖലാ ഗവര്‍ണര്‍മാരും ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദര്‍ശ് സൈ്വകയും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരുക്കേറ്റവരെ ആശുപത്രിയിലും സന്ദര്‍ശിച്ചു. പരുക്കേറ്റ ഇന്ത്യക്കാര്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി സ്ഥാനപതി അറിയിച്ചിട്ടുണ്ട്.
ഉറക്കമുണര്‍ത്തിയ ദുരന്തം
അപകടത്തില്‍ പരുക്കേറ്റവരെ കുവൈത്തിലെ അദാന്‍, ജുബൈര്‍, ഫര്‍വാനിയ, സബ, ജാസിര്‍ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ സ്‌പോണ്‍സര്‍ കൂടിയാണ് കെട്ടിടത്തിന്റെ ഉടമസ്ഥനായ കുവൈത്ത് സ്വദേശി, വിവിധ ഫ്‌ലാറ്റുകളിലായി 195 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണുണ്ടായിരുന്നത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 92 പേര്‍ സുരക്ഷിതരാണ്. 20 പേര്‍ നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ സ്ഥലത്ത് ഇല്ലായിരുന്നു. പരുക്കേറ്റവരില്‍ പലരും അപകടനില തരണം ചെയ്തതായി ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലിനാണ് തീ പടര്‍ന്നത്. ഈ സമയം തൊഴിലാളികളില്‍ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.