Kerala

കണ്ണേ കരളേ വി.എസ്സേ: മറന്നതോ അതോ ഒഴിവാക്കിയതോ ?: അണികള്‍ക്ക് അതൃപ്തി

കെ. രാധാകൃഷ്ണന്റെ നന്ദി പ്രസംഗത്തില്‍ പിണറായി വിജയനും ഇ.കെ നായനാരും മാത്രം

മൂന്ന് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഇന്നലെ അദ്ദേഹത്തിന്റെ അവസാന നിയമസഭാ സമ്മേളനമായിരുന്നു. ആലത്തൂരില്‍ നിന്നും വിജയിച്ച കെ. രാധാകൃഷ്ണന്റെ ഇരിപ്പിടം ഇനി പാര്‍ലമെന്റിലാണ്. നിയമസഭയില്‍ നിന്നും വിടപറഞ്ഞപ്പോള്‍ മന്ത്രിസ്ഥാനവും, എം.എല്‍.എ സ്ഥാനവും രാജി വെക്കുകയും ചെയ്തിരുന്നു. ഇന്നലെ അപൂര്‍വ്വമായ ഒരു വിടപറച്ചിലിനാണ് നിയമസഭ വേദിയായതും. ഒരേ സമയം, എം.പിയും, എം.ല്‍.എയും സംസ്ഥാന മന്ത്രിയുമായി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനും, അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനും രാധാകൃഷ്ണന് കഴിഞ്ഞു എന്നതാണ്.

മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലില്‍ ലഭിച്ച ഈ അത്യപൂര്‍വ്വ സമയത്തിന് നന്ദി പറഞ്ഞപ്പോള്‍ കെ. രാധാകൃഷ്ണന്‍ ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയെ ഓര്‍ക്കാതെ പോയി. അതും കെ. രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍ ആയിരുന്ന കാലത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെയാണ്. തന്റെ നിയമസഭാ ജീവിതത്തില്‍ കണ്ട വ്യക്തിത്വങ്ങളെയെല്ലാം അനുസ്മരിച്ച രാധാകൃഷ്ണന്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ട് വൈദ്യുതി മന്ത്രിയായിരുന്നപ്പോഴത്തെ വിഷയം പ്രത്യേകം സംസാരിക്കുകയും ചെയ്തു. ഇ.കെ. നായനാര്‍ മന്ത്രിസഭയിലാണ് താന്‍ ആദ്യം മന്ത്രിയായതെന്നും ഓര്‍മ്മിച്ചെടുത്ത രാധാകൃഷ്ണന്‍ 2006-2011 കാലഘട്ടം പൂര്‍ണ്ണമായി ഉപേക്ഷിച്ചു.

താന്‍ സ്പീക്കറായിരുന്നതിനെ കുറിച്ച് പരാമര്‍ശിച്ചതു പോലും വളരെ ലാഘവത്തോടെയായിരുന്നു. ഇപ്പോഴത്തെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിക്കുന്ന കസേരയിലും ഇരിക്കാനുള്ള ഭാഗ്യമുണ്ടായെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. മൂന്നു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനവും പാര്‍ട്ടിയോടുള്ള കൂറും സത്യസന്ധമായി പറയുമ്പോഴും വി.എസ് എന്ന രണ്ടക്ഷരം ഉച്ചരിക്കാന്‍ കെ. രാധാകൃഷ്ണന് മടിയുണ്ടിയിരുന്നതു പോലെ തോന്നിയിരുന്നു.

നിയമസഭയിലെ തന്റെ പതിവു സീറ്റില്‍ നിന്നും മാറി മുഖ്യമന്ത്രിക്കടുത്ത് രണ്ടാമത്തെ സീറ്റിലാണ് കെ. രാധാകൃഷ്ണന്‍ ഇന്നലെ ഇരുന്നത്. നിയമസഭയുടെ നാഥനായിരുന്നപ്പോള്‍ കേരളം ഭരിച്ച മുഖ്യമന്ത്രിയുടെ പേര് പറയാന്‍ മടി കാണിച്ചത് എന്തിനായിരുന്നു എന്നാണ് പാര്‍ട്ടി അണികള്‍ ചോദിക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവു കൂടിയാണ്. സി.പി.എം രൂപീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന നേതാവ്. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ നിയമസഭാ സ്പീക്കറായിരുന്നു എന്നു പറയുന്നതു തന്നെ വലിയ കാര്യമായി കാണേണ്ടതായിരുന്നുവെന്നാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.

പതിനഞ്ചാം കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിന്റെ മൂന്നാംദിവത്തിലാണ് മന്ത്രി കെ. രാധാകൃഷ്ണന്റെ പടിയിറക്കം. തന്നോടു കാണിച്ച സ്നേഹത്തിനും വിശ്വാസത്തിനും നന്ദി പറഞ്ഞ് വിടവാങ്ങല്‍ പ്രസംഗം. ആലത്തൂര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു വിടവാങ്ങല്‍ പ്രസംഗം. ഇന്നലത്തെ സമ്മേളനം അവസാനിക്കുന്ന വേളയിലാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സംസാരിക്കാനായി മന്ത്രി രാധാകൃഷ്ണനെ ക്ഷണിച്ചത്. രാജ്യത്തിനു മാതൃകയായ കേരള നിയമസഭയില്‍ മഹാരഥന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.

1996 ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. നാലു തവണ തുടര്‍ച്ചയായും ഇടവേളയ്ക്കു ശേഷം 2021ലും സഭയിലുമെത്തി. 1996ല്‍ ആദ്യമായെത്തുമ്പോള്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. നിരവധി മഹാരഥന്മാര്‍ അന്ന് സഭയിലുണ്ടായി. അന്ന് വൈദ്യുതി, സഹകരണ മന്ത്രിയായിരുന്നു പിണറായി വിജയന്‍. 1056 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കേരളത്തെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിനു കീഴില്‍ ഇപ്പോള്‍ മന്ത്രിയായിരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അപ്പോഴും വി.എസ്. അച്യുതാനന്ദനെ കുറിച്ച് ഓര്‍ക്കാതെയും ഒരുവാക്കു മിണ്ടാതെയും കെ. രാധാകൃഷ്ണ നന്ദി പ്രസംഗം അഴസാനിപ്പിക്കുകയായിരുന്നു.