തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക്. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവർ കുവൈത്തിലേക്ക് പോകുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യുസഫലി അറിയിച്ചു. രണ്ട് ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് ലീല ഗ്രൂപ്പ് ചെയർമാൻ രവിപിള്ളയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. കുവൈത്ത് ദുരന്തത്തിൽ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി.
കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 മലയാളികളാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും.
ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേരാണ് മരിച്ചത്. ചികിത്സയിയിലുള്ളവരിൽ 9 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് കെട്ടിട, കമ്പനി ഉടമകൾ, ഈജിപ്ഷ്യൻ സ്വദേശിയായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കുവൈത്ത് ഭരണകൂടം വ്യക്തമാക്കി.