തിരുവനന്തപുരം മെട്രോ റെയിലിനായി പുതിയ അഞ്ച് അലൈമെന്റ് നിര്‍ദ്ദേശം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കാന്‍ നീക്കവുമായി പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (കെ.എം.ആര്‍.എല്‍) ലിമിറ്റഡ്. ഇതോടെ തലസ്ഥാന നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെട്രോ റെയില്‍ പ്രോജക്റ്റ് വൈകാന്‍ സാധ്യത. യാതൊരു പഠനവും നടത്താതെ ഭാവി മുന്നില്‍ കണ്ടുള്ള വികസനമെന്ന പേരില്‍ കെ.എം.ആര്‍.എല്‍ നടത്തുന്ന പരിഷ്‌ക്കാരം മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടക്കമാകാന്‍ ഇനിയും രണ്ടു വര്‍ഷമെടുക്കുമെന്നാണ് കണക്ക്ക്കൂട്ടല്‍.
പുതിയ അലൈമെന്റിന്റെ സാധ്യതാ പഠനത്തിന് തന്നെ ആറുമാസത്തിലധികം വേണ്ടി വരുമെന്നിരിക്കെ എന്താണ് യാഥാര്‍ത്ഥത്തില്‍ കെ.എം.ആര്‍.എല്‍ ആസുത്രണം ചെയ്തു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നത് വ്യക്തമല്ല. അലൈമെന്റ് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തി അനുമതി നല്‍കിയാല്‍ വീണ്ടും സാധ്യത പഠനം നടക്കും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) ആയിരിക്കും സാധ്യത പഠനം നടത്തുക. സാധ്യത പഠനത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, അതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പരിശോധന കഴിയുമ്പോള്‍ ഏകദേശം ഒരു വര്‍ഷം വേണ്ടിവരുമെന്ന് കണക്കുകൂട്ടുന്നു. അങ്ങനെ വന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി വാങ്ങാന്‍ വീണ്ടും ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും. ചില വ്യക്തികളില്‍ നിന്നും സംഘടനകളില്‍, സര്‍ക്കാര്‍ വകുപ്പകള്‍ ഉള്‍പ്പെടുന്ന കെ.എം.ആര്‍.എല്‍ സ്റ്റേക്ക് ഹോള്‍ഡേഴ(ഓഹരിയുടമകള്‍)സില്‍ നിന്നുമാണ് പുതിയ അലൈമെന്റ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഇക്കാര്യം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ സാധ്യത പഠനം പൂര്‍ത്തികരിച്ച ഒന്നും രണ്ടും ഘട്ടത്തിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിയ്ക്കായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞുള്ള അടുത്ത ദിവസങ്ങളില്‍, അതായത് ഈ മാസം തന്നെ സമര്‍പ്പിക്കുമെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ തന്നെ അനുമതിയ്ക്കായി നല്‍കാനിരുന്നെങ്കിലും വൈകിയതോടെ മാര്‍ച്ചില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
കെ.എം.ആര്‍.എല്ലിന് താല്‍പര്യക്കുറവ്
കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് തിരുവനന്തപുരം മെട്രോ പദ്ധതിയോട് താല്‍പര്യമില്ലെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. എത്രയും വൈകിപ്പിക്കാന്‍ പറ്റുമോ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു, സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ മറയാക്കി തിരുവനന്തപുരം മെട്രോ പദ്ധതിയെ വൈകിപ്പിക്കാനാണ് കെ.എം.ആര്‍.എല്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്. ഡിപിആര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡി.എം.ആര്‍.സി ആണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം. ഡി.എം.ആര്‍.സിയെ മാറ്റി സ്വകാര്യ കമ്പനികളെ കണ്‍സള്‍ട്ടിംഗ് രംഗത്തേക്ക് കൊണ്ടുവരാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്വകാര്യ കണ്‍സള്‍ട്ടന്‍സി കൊണ്ടുവന്നു കഴിഞ്ഞാല്‍ ലാഭം ഉണ്ടാകുമെന്ന് പറയുന്നെങ്കിലും ലക്ഷ്യം മറ്റൊന്നാണ്. കഴിഞ്ഞ മാസം നടപ്പാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടു വന്ന ലൈറ്റ് ട്രാം സര്‍വീസും വന്ന പാടെ കെ.എം.ആര്‍.എല്ലിന് ഉപേക്ഷിക്കേണ്ടി വന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുണ്ടായ ജനരോഷവും, എതിര്‍പ്പുമാണ് ലൈറ്റ് ട്രാം പദ്ധതി ഉപേക്ഷിച്ചത്. തലസ്ഥാന മെട്രോയുടെ മുഴുവന്‍ ചുമതലയും ഡി.എം.ആര്‍.സിക്ക് കൈമാറണമെന്നാണ് വിവിധ കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നത്.
വിഴിഞ്ഞം തുറമുഖവും, നഗരവും
വിഴിഞ്ഞം തുറമുഖം ഈ വര്‍ഷം കമ്മീഷന്‍ ചെയ്യുന്നതോടെ നഗരത്തിന്റെ വളര്‍ച്ച ക്രമാതീതമായി കൂടുമെന്ന് വിലയിരുത്തപ്പെടുന്നു. വിഴിഞ്ഞം വാണിജ്യ തുറമുഖമായി പ്രവര്‍ത്തനമാരാഭിക്കുന്നതോടെ ഒരു വര്‍ഷം കൈകാര്യം ചെയ്യുന്ന കണ്ടയനറുകളുടെ എണ്ണം10-15 ലക്ഷത്തിനടുത്തായിരിക്കും. ഇതില്‍ 30 ശതമാനം കണ്ടയിനര്‍ നീക്കം റോഡ് വഴിയായിരിക്കുമെന്ന് വിസില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വര്‍ഷം 10 ലക്ഷം വെച്ചുനോക്കിയാല്‍ 3 ലക്ഷം കണ്ടയിനറുകള്‍ കരമാര്‍ഗമായിരിക്കും വിഴിഞ്ഞം തുറമുഖത്ത് എത്തുന്നതും പോകുന്നതും. മാസം 25000 കണ്ടയിനറുകള്‍ വിഴിഞ്ഞത്ത് എത്തുമെന്നാണ് കണക്ക,് അതില്‍ പകുതി കണ്ടയിനറുകളുടെ നീക്കം തമിഴ്‌നാട് വഴിയായാല്‍ പോലും 12000 കണ്ടയിനറുകള്‍ ഒരു മാസം കേരളം കേന്ദ്രീകരിച്ച് സഞ്ചരിക്കേണ്ടി വരും. എല്ലാ കണ്ടയിനറുകളും നിലവിലെ ബൈപ്പാസ് വഴിയായിരിക്കും വിഴിഞ്ഞത്തേക്ക് എത്തുന്നത്. ബൈപ്പാസ് കഴിഞ്ഞാല്‍ ബാക്കി മിക്ക റോഡുകളും താരത്മ്യന ചെറുതായതിനാല്‍ ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഔട്ടര്‍ റിംഗ് റോഡ് പദ്ധതി ഇവിടെയാണ് അത്യാവശ്യമായി വരുന്നത്. നിരവധി വെയര്‍ ഹൗസുകളും മറ്റു സംവിധാനങ്ങളും ഓഫീസുകളും വരുമെന്നതിനാല്‍ ജനസംഖ്യ ക്രമാതീതമായി വളരുമെന്ന് ഉറപ്പാണ്. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ല തിരുവനന്തപുരമായി മാറിയിട്ടുണ്ട്. ഇവിടെയാണ് പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തേണ്ട അവശ്യകത വരുന്നതും, മെട്രോ റെയില്‍ പോലുള്ള ഗതാഗത മാര്‍ഗങ്ങള്‍ കൊണ്ടു വരേണ്ടതും.
നഗരത്തിലെ വടക്കു ഭാഗത്തുള്ള ടെക്‌നോസിറ്റി പ്രോജക്റ്റ് കേന്ദ്രീകരിച്ച് വന്‍ വികസന പ്രവര്‍ത്തനങ്ങളും, ടെക്‌നോപാര്‍ക്കിലേക്ക് കൂടുതല്‍ കമ്പിനികള്‍ വരുന്നതും നഗരത്തിലെ ജനസാന്ദ്രത കൂടുമെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതലുള്ള നഗരമായതിനാല്‍ ഗതാഗതസൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. മെട്രോ റെയില്‍ വന്നു കഴിഞ്ഞാല്‍ പള്ളിപ്പുറത്ത് നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ നഗരത്തിലെ കുരുക്കില്‍ കിടക്കാതെ സുഗമമായി ഓഫീസുകളില്‍ പോകാം എന്ന് ഒരു സാധ്യതയും മെട്രോ വന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടാകും. നിലവില്‍ കെഎസ്ആര്‍ടിസി മാത്രമാണ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഏക പൊതു ഗതാഗത മാര്‍ഗം. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ട്രെയിന്‍ സര്‍വീസും ഉണ്ടെങ്കിലും കൊല്ലം തിരുവനന്തപുരം റൂട്ടില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ട്രെയിനിന്റെ സൗകര്യവും ലഭ്യമാവുക.
11,660 കോടി രൂപ ചെലവിലാണ് തിരുവനന്തപുരം മെട്രോ റെയിലിന്റ ആദ്യ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കുന്നത്. ആദ്യ ഘട്ടത്തിലെ പള്ളിപ്പുറം- കഴക്കൂട്ടം- ശ്രീകാര്യം- പട്ടം- തമ്പാനൂര്‍- കിള്ളിപ്പാലം- പള്ളിച്ചല്‍ റൂട്ടിന് 7500 കോടിയും, രണ്ടാ ഘട്ടത്തിലെ കഴക്കൂട്ടം- ടെക്‌നോപാര്‍ക്ക്-ലുലുമാള്‍- ചാക്ക- ഇഞ്ചയ്ക്കല്‍- കിള്ളിപ്പാലം വരെയുള്ള രണ്ടാം ഘട്ടത്തിന് 4600 കോടി രൂപയാണ് നിര്‍മ്മാണ ചെലവു കണക്കാക്കിയിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തെ ബന്ധിപ്പിച്ചുകൊണ്ട് മെട്രോ പദ്ധതി വന്നാല്‍ ഇപ്പോള്‍ കാണുന്ന ഗതാഗതക്കുരുക്കിന് ഒരുവിധം വരെ പരിഹാരമാകും.