Kuwait

മംഗെഫ് ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം 15 ആയി

*എം.എ യൂസഫലിയും രവിപിള്ളയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും

കുവൈത്തിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 15 ആയി. ഇതില്‍ പത്തനം തിട്ട ജില്ലയില്‍ നിന്നുള്ള 5 പേരും, കൊല്ലത്തുള്ള മൂന്നു പേരും, കാസര്‍ഗോഡുള്ള രണ്ടുപേരും, കോട്ടയത്തു നിന്നുള്ള രണ്ടു പേരും, മലപ്പുറത്തു നിന്നുള്ള രണ്ടും പേരും, കണ്ണൂരിലുള്ള ഒരാളുമാണ് മരിച്ചത്. പത്തനം തിട്ടയിലെ ആകാശ് ശശിധരന്‍-സജു വര്‍ഗീസ്-മുരളീധരന്‍ നായര്‍-തോമസ് ഉമ്മന്‍-തോമസ് മാത്യു മാത്യു എന്നിവരുടെ പേര് വിവരങ്ങള്‍ കുവൈത്ത് ഭരണകൂടം എംബസിക്ക് കൈമാറിയിട്ടുണ്ട്.

ലൂക്കോസ്-സാജന്‍ ജോര്‍ജ്ജ്-ഷമീര്‍ എന്നിവര്‍ കൊല്ലത്തു നിന്നുള്ളവരാണ്. കേളു-രഞ്ജിത്ത് എന്നിവര്‍ കാസര്‍ഗോഡു നിന്നുള്ളവരും, സ്‌റ്റെഫിന്‍ എബ്രഹാം- ശ്രീഹരി എന്നിവര്‍ കോട്ടയത്തു നിന്നുള്ളവരും, നൂഹ്-ബാഹുലേയന്‍ എന്നിവര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരുമാണ്. വിശ്വാസ് കൃഷ്ണന്‍ കണ്ണൂര്‍ ജില്ലയിലുള്ളയാളുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ വ്യോമസേനയുടെ വിമാനം സജ്ജമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എന്നാല്‍, മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരുടെ കൂടെ നിന്ന് കാര്യങ്ങള്‍ ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രിയെ കുവൈത്തിലേക്ക് അയയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. വീണാ ജോര്‍ജ്ജ് ഇന്നു വൈകിട്ടോടെ കുവൈത്തിലേക്ക് പോകും. കുവൈത്തിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എല്ലാ കാര്യങ്ങളും നോക്കുന്നതിനും, മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും വീണാജോര്‍ജ്ജ് ശ്രമിക്കും.

ഇന്ത്യന്‍ എബസിയിലും ഇടപെടലുകള്‍ നടത്താന്‍ കേരളത്തിന്റെ പ്രതിനിധി കുവൈത്തിലുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് കണ്ടാണ് തീരുമാനം. രണ്ടുദിവസത്തിനുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികളായിരിക്കും എടുക്കുക. ഇതിനായി വീണാജോര്‍ജ്ജിനെ സഹായിക്കാനായി പ്രവാസി വ്യവസായികളായ എം.എ യൂസഫലിയും, രവിപിള്ളയും ഉണ്ടാകും. മരിച്ച മലയാളികള്‍ എത്രപേരാണെന്ന കണക്കുകളും, ഫ്‌ളാറ്റില്‍ എത്ര മലയാളികള്‍ ഉണ്ടായിരുന്നുവെന്നതിന്റെ വിവരങ്ങളും, ആരൊക്കെയാണ് പരിക്കേറ്റ് കഴിയുന്നതെന്നുമുള്ള കണക്കുകള്‍ ക്രോഡീകരിക്കുകയും വേണം.

മരണ സംഖ്യ ഇിയും ഉയരാനാണ് സാധ്യത. തിരച്ചിലില്‍ ലഭിച്ച മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞ് എടുത്ത കണക്കുകളാണ് ഇതുവരെ കിട്ടിയിരിക്കുന്നത്. ഇപ്പോള്‍ ലഭിച്ച കണക്കനുസരിച്ച് 15 മലയാളികളാണ് മരിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് രാവിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് കുവൈത്തില്‍ എത്തും. അടിയന്തിര പ്രാധാന്യത്തോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ഇടപെടലുകള്‍ക്കും, ചിക്തസയില്‍ കഴിയുന്നവര്‍ക്ക് വിദഗദ്ധ ചികിത്സ ഉറപ്പാക്കുന്നതിനുമായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്കു പോയത്.

കുവൈത്ത് ദുരന്തം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ആരോഗ്യമന്ത്രിയെ കുവൈത്തിലേക്ക് അയയ്ക്കാന്‍ തീരുമാനമെടുത്തത്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപയും, പിരിക്കേറ്റവരുടെ കുടുംബത്തിന് 1 ലക്ഷംരൂപയും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി വ്യവസായി എം.എ. യൂസഫലി മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വെച്ച് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മറ്റൊരു പ്രവാസി വ്യവസായി ആയ രവി പിള്ള രണ്ടു ലക്ഷം രൂപവെച്ചും നല്‍കും. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന്12ലക്ഷം രൂപയാണ് സഹായം ലഭിക്കുക.