Thiruvananthapuram

ആക്കുളം കണ്ണാടിപ്പാലത്തിന് വീണ്ടും തകരാർ, ഗ്ലാസുകൾ തകർന്നു

കഴിഞ്ഞ ഏപ്രിലിലും പാലത്തിലെ ഗ്ലാസിൽ വിള്ളൽ കണ്ടെത്തിയിരുന്നു

തിരുവനന്തപുരം : നിർമാണം പൂ‍ർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ തുറന്നു കൊടുക്കാത്ത ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിന് വീണ്ടും തകരാർ. പാലത്തിന്റെ ലാൻഡിങ് പോയിന്റിലെ ഗ്ലാസുകൾ തകർന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഇന്നലെ പുലർച്ചെ അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിച്ചു. കഴിഞ്ഞ ഏപ്രിലിലും പാലത്തിലെ ഗ്ലാസിൽ വിള്ളൽ കണ്ടെത്തിയിരുന്നു.

ഒരേസമയം 100 പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന വാഗ്ദാനത്തോടെ നിർമിച്ച പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയും നിർമാണ കരാർ സംബന്ധിച്ച് ദുരൂഹതയും ഉയർന്നിട്ടുണ്ട്.ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ്. എന്നാൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (വൈബ്) കണ്ണാടി പാലത്തിന്റെ നിർമാണം ഏറ്റെടുത്തത്.

ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കിയെങ്കിലും കരാർ സംബന്ധിച്ച് വിവാദം ഉയർന്നതോടെ ഉദ്ഘാടനം നടന്നില്ല. ഇതിനിടെയാണ് പാലത്തിന്റെ ആദ്യ പില്ലറിൽ ഗ്ലാസിന്റെ അടിഭാഗത്ത് വിള്ളൽ കണ്ടെത്തിയത്. ജീവനക്കാർ പൊട്ടിച്ചതാണെന്ന് ആരോപിച്ച് വൈബ് രക്ഷാധികാരിയായ വി.കെ.പ്രശാന്ത് എംഎൽഎ രംഗത്തെത്തി . എന്നാൽ 75 അടി ഉയരത്തിൽ നിർമിച്ച പാലത്തിന്റെ അടിഭാഗത്തെ ഗ്ലാസ് പൊട്ടിക്കുക എളുപ്പമല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരിക്കെയാണ് രണ്ടാമതും ഗ്ലാസ് പൊട്ടിയത്.

Latest News