സമൂഹത്തിലെ പല മാന്യന്‍മാരായ ലക്ഷപ്രഭുക്കളും സര്‍ക്കാരിന് നികുതി അടയ്ക്കാതെ പറ്റിച്ചു നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞപ്പോഴാണ് പലരും കാര്യങ്ങള്‍ അറിയുന്നത്. പ്രദാനമായും ചലച്ചിത്ര താരങ്ങളാണ് ഇങ്ങനെ തടിതപ്പി നടക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സാമൂഹ്യ ഇടപെടലുകള്‍ വരെ നടത്തുന്ന ഇവര്‍ക്ക് GST അടയ്ക്കാന്‍ മാത്രം മടി. ഇതെന്തു കൊണ്ടാണെന്ന് അന്വേഷിക്കുമ്പോഴാണ് മനസ്സിലാകുന്നത്, നികുതി വകുപ്പിന് ഇവരില്‍ നിന്നൊക്കെ നികുതി പിരിക്കാന്‍ മനസ്സില്ലെന്നത്. നേരേ ചൊവ്വേ നികുതി പിരിച്ചാല്‍ തീരാവുന്ന കടം മാത്രമേ കേരളത്തിനുള്ളൂവെന്നാണ് ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നത്.
നികുതി ചോര്‍ച്ച അഠയ്ക്കാന്‍ പാവപ്പെട്ടവന്റെ കുത്തിനു പിടിച്ചും, ഭീഷണിപ്പെടുത്തിയും പോലീസിനെക്കൊണ്ട് പിടിപ്പിച്ചുമൊക്കെ പീഡിപ്പിക്കുമ്പോള്‍ കൊമ്പും വമ്പുമുള്ളവര്‍ നികുതി കൊടുക്കാതെ മുങ്ങിയും പൊങ്ങിയുമൊക്കെ നടക്കും. വലിയ വലിയ ബിസിനസ്സുകള്‍ നടത്തുന്നവര്‍ മുതല്‍ ലക്ഷങ്ങള്‍ വാങ്ങി സിനിമകള്‍ അഭിനയിക്കുന്നവര്‍ വരെയുണ്ടെന്നാണ് ധനമന്ത്രിയുടെ കുറ്റ സമ്മതം. ജി.എസ്.ടി. അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ധനമന്ത്രി കുറ്റ സമ്മതം നടത്തുമ്പോള്‍ ധനവകുപ്പിന്റെ ജോലി എന്തായിരുന്നുവെന്ന് വ്യക്തമാവുകയാണ്.
ഇതാണ് ചലച്ചിത്ര മേഖലയിലെ ജി.എസ്.ടി കുടിശിക പിരിക്കുന്നതില്‍ നികുതി വകുപ്പിന്റെ അനാസ്ഥ. 16 ചലച്ചിത്ര താരങ്ങള്‍ ജി.എസ്.ടി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. ആരൊക്കെയാണ് ആ ചലച്ചിത്ര താരങ്ങളെന്ന് ജനങ്ങള്‍ക്കറിയേണ്ട അവകാശമുണ്ട്. പക്ഷെ, ഏതൊക്കെ ചലച്ചിത്ര താരങ്ങളാണ് വീഴ്ച വരുത്തിയതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വെളിപ്പെടുത്തിയില്ല. താരങ്ങളുടെ പേര് ബാലഗോപാല്‍ മറച്ചുവച്ചത് എന്തിനെന്ന് വ്യക്തവുമല്ല.
ജി.എസ്.ടി രജിസ്ട്രേഷന്‍ എടുത്തിട്ടില്ലാത്ത ചലച്ചിത്ര താരങ്ങളെ കുറിച്ചുള്ള വിവരവും ധനമന്ത്രി മറച്ച് വച്ചു. അവരെ കുറിച്ചുള്ള വിവരം പരിശോധിച്ച് വരികയാണ് എന്നാണ് ബാലഗോപാലിന്റെ മറുപടി. 2024 മാര്‍ച്ച് ആറിന് ഡോ. എം.കെ മുനിര്‍ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് ധനമന്ത്രി നല്‍കിയ മറുപടിയിലാണ് ഇതുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു മുനീറിന് മറുപടി നല്‍കിയതു പോലും. ഇത്രയും നാള്‍ മുനീര്‍ ഉന്നയിച്ച ചോദ്യത്തിനു മുകളില്‍ ധനമന്ത്രി അടയിരിക്കുകയായിരുന്നു.
എന്നാല്‍, നിയമസഭാ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരം നല്‍കണമെന്ന നിയമസഭാ ചട്ടം പാലിക്കാന്‍ സ്പീക്കര്‍ കഴിഞ്ഞ സഭാ സമ്മേളനത്തില്‍ തന്നെ റൂള്‍ ചെയ്തിരുന്നു. അംഗങ്ങളുടെ അവകാശമാണ് ഉത്തരം നല്‍കാത്തതിലൂടെ ഹനിക്കുന്നത്. അതിനാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറാകണമെന്നും സ്പീക്കര്‍ റൂള്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി ഉത്തരം നല്‍കിയിരിക്കുന്നത്. അതും അവ്യക്തമായ മറുപടി. ഖജനാവില്‍ എത്തേണ്ട നികുതി പിരിക്കാതെ ഖജനാവില്‍ പണം ഇല്ലെന്ന് കരയുന്ന ധനമന്ത്രിയുടെ നിലപാട് ദുരൂഹമാണ്.