ഓണ്‍ലൈന്‍ ആയി യുവതി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തി. മുംബൈയിലെ മലാഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മലാഡ് സ്വദേശിയായ യുവതി തന്റെ സഹോദരന് വേണ്ടി ‘യമ്മോ’ എന്ന ഐസ്‌ക്രീം ബ്രാന്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിലാണ് മനുഷ്യ വിരല്‍ കണ്ടെത്തിയത്. ഇരുപത്തിയേഴുകാരനായ ഓര്‍ലെം ബ്രെന്ദം സെറാവോയ്ക്കാണ് അറപ്പുളവാക്കുന്ന ഈ അനുഭവം ഉണ്ടായത്. തന്റെ സഹോദരി ഓര്‍ഡര്‍ ചെയ്ത് നല്‍കിയ ബട്ടര്‍ സ്‌കോച്ച് ഫ്‌ളേവറിലുള്ള കോണ്‍ ഐസ്‌ക്രീം കഴിച്ചു തുടങ്ങിയതിനു ശേഷമാണ് മനുഷ്യ വിരലിന്റെ സാനിധ്യം അദ്ദേഹം തിരിച്ചറിഞ്ഞത്. സെറാവോയുടെ സഹോദരി ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ ഐസ്‌ക്രീമില്‍ കണ്ടെത്തിയത് മനുഷ്യ വിരല്‍ തന്നെ എന്നാണ് കണ്ടെത്തല്‍.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിരല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് എടുത്തിരിക്കുന്നതെന്നും ഐസ്‌ക്രീമിന്റെ നിര്‍മാണ കമ്പനി ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് ഡോക്‌ടര്‍ പറയുന്നതിങ്ങനെ. ‘ഞാൻ മൂന്ന് ഐസ്ക്രീമുകൾ ഓർഡർ ചെയ്‌തിരുന്നു. അതിലൊന്ന് കഴിച്ചുകൊണ്ടിരിക്കെ എന്തോ ഒരു കഷണം വായിൽ തടഞ്ഞു. അത് ചിക്കൻ പീസ് അല്ലെന്ന് പെട്ടെന്ന് മനസിലായി. ഒരു എംബിബിഎസ് ഡോക്‌ടര്‍ കൂടിയായതിനാല്‍ അത് മനുഷ്യന്‍റെ വിരലാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടലായിരുന്നു’.