ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. പോക്‌സോ കേസിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 17-കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി.
കേസില്‍ യെദ്യൂരപ്പയെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) തീരുമാനമെടുക്കുമെന്നും ജി.പരമേശ്വര പറഞ്ഞു.
‘കേസില്‍ ജൂണ്‍ 15-ന് മുമ്പായി കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അതിന് മുമ്പ് തന്നെ സി.ഐ.ഡി. കുറ്റപത്രം സമര്‍പ്പിക്കും. അതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ അവര്‍ക്ക് പാലിക്കണം. അദ്ദേഹത്തിന്റെ മൊഴിയെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യണം. ഇതെല്ലാം നടപടിക്രമങ്ങളുടെ ഭാഗമാണ്. സി.ഐ.ഡി. അത് ചെയ്യും.’ -പരമേശ്വര പറഞ്ഞു.
കേസിൽ കഴിഞ്ഞ ദിവസമാണ് സിഐഡി നോട്ടീസ് നൽകിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, ഡൽഹിയിലായതിനാൽ ജൂൺ 17ന് മാത്രമേ ഹാജരാകാൻ കഴിയൂ എന്നാണ് സി.ഐ.ഡിയുടെ നോട്ടീസിന് യെദ്യൂരപ്പ മറുപടി നൽകിയത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു യോഗത്തിനിടെ പെണ്‍കുട്ടിയെ യെദ്യൂരപ്പ സ്വന്തം വീട്ടില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അമ്മയുടെ പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.