കുവൈത്ത് സിറ്റി: കുവൈത്തില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി കമ്പനി മാനേജ്‌മെന്റ്. എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ഇന്‍ഷുറന്‍സ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ഉള്‍പ്പെടെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു. അവര്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേരുന്നു. മരണപ്പെട്ടവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്കും എംബസ്സികള്‍ക്കും ഒപ്പം ചേര്‍ന്ന് തങ്ങളും പ്രവര്‍ത്തിക്കുമെന്നും കുടുംബങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും കമ്പനി പ്രസ്താവനയിറക്കിയിട്ടുണ്ട്.
കുവൈത്ത് തീപിടിത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാർ മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്തിക്കാൻ വ്യോമ സേനയുടെ വിമാനങ്ങൾ ഉടൻ കുവൈത്തിലേക്ക് പുറപ്പെടും. ഡൽഹി എയർ ബേസിൽ വിമാനങ്ങൾ സജ്ജമായി.
ഇന്നലെ നടന്ന തീപിടിത്തത്തിൽ ആകെ 49 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് ഫിലിപ്പൈൻ പൗരൻമാരും അപകടത്തിൽ മരിച്ചു. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് അപടത്തിൽപെട്ടത്.
ഫൊറൻസിക് പരിശോധന പൂർത്തിയാക്കി മൃതദേഹം സബ്ഹാനിലെ മോർച്ചറിയിലേക്ക് മാറ്റും. അസ്സബാഹ് ആശുപത്രിയിൽ എംബാം പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുക. മൃതദേഹം നാളെത്തന്നെ നാട്ടിലെത്തിക്കുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു.
ഗുരുതര പരിക്കേറ്റ പത്തിലേറെ മലയാളികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ശൈഖ് ജാബിർ, മുബാറക് അൽ കബീർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യയും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയും നിർദേശം നൽകി.