ഡല്‍ഹി: കുവൈത്ത് ദുരന്തത്തിന് ഇരയായവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവരെ കണ്ടു, കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി. കുവൈത്ത് ദുരന്തത്തിലിരയായവരുടെ മൃതദേഹങ്ങൾ ഭൂരിഭാഗവും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്.
വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ഡല്‍ഹി എയർബേസിൽ തയാറാക്കിയത്. മൃതേദേഹങ്ങൾ ഈ വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുക. നിര്‍ദേശം ലഭിച്ചാല്‍ ഉടൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. രാവിലെ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവർ ചികിത്സയിലുള്ള അഞ്ച് ആശുപത്രികളിലും സന്ദർശനം നടത്തി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ യഹ്യയുമായും കൂടികാഴ്ച നടത്തി.
ഇന്നലെ നടന്ന തീപിടിത്തത്തിൽ ആകെ 49 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് ഫിലിപ്പൈൻ പൗരൻമാരും അപകടത്തിൽ മരിച്ചു. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് അപടത്തിൽപെട്ടത്.
ഫൊറൻസിക് പരിശോധന പൂർത്തിയാക്കി മൃതദേഹം സബ്ഹാനിലെ മോർച്ചറിയിലേക്ക് മാറ്റും. അസ്സബാഹ് ആശുപത്രിയിൽ എംബാം പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുക. മൃതദേഹം നാളെത്തന്നെ നാട്ടിലെത്തിക്കുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു.
ഗുരുതര പരിക്കേറ്റ പത്തിലേറെ മലയാളികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ശൈഖ് ജാബിർ, മുബാറക് അൽ കബീർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യയും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയും നിർദേശം നൽകി.