വെള്ളച്ചാട്ടങ്ങൾ കാണാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ ഉണ്ടാകില്ല. ഏതൊരു യാത്രയാണെങ്കിലും ഒരു വെള്ളച്ചാട്ടം കണ്ടാൽ അപ്പോൾ അവിടെ നിർത്തി മെല്ലെ ഇറങ്ങി അവസാനം ഒരു കുളിയും പാസാക്കിയിട്ട് കയറുന്നവരാണ് മിക്കവരും. നമ്മളെ മാത്രമല്ല, വിദേശങ്ങളിൽ നിന്നും ഇവിടെ എത്തുന്ന സഞ്ചാരികളെയും നമ്മുടെ രാജ്യത്തെ വെള്ളച്ചാട്ടങ്ങൾ ഒത്തിരി ആകർഷിക്കുന്നുണ്ട്. കേരളത്തിൽ മാത്രമല്ല ഇത്രയും മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുള്ളത്. ആകാശത്തു നിന്നും തുളുമ്പി വീഴുന്ന പോലെ നമ്മുടെ മനസ്സിൽ കയറിപ്പറ്റുന്ന കുറച്ചിടങ്ങളുണ്ട്. അതിൽ ഏറ്റവും വലുത് തന്നെ ഇന്ന് പരിചയപ്പെടാം .
ഏഞ്ചൽ വെള്ളച്ചാട്ടം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം , സ്പാനിഷ് സാൾട്ടോ ഏഞ്ചൽ, സാൽട്ടോ ചുരുൻ മെറു എന്നുമൊക്കെ ഇത് അറിയപ്പെടുന്നു . തെക്കുകിഴക്കൻ വെനിസ്വേലയിലെ ബൊളിവാർ സംസ്ഥാനത്തിലെ ഗയാന ഹൈലാൻഡ്‌സിലാണ് ഈ വെള്ളച്ചാട്ടം. സിയുഡാഡ് ബൊലോവാറിന് 160 മൈൽ തെക്കുകിഴക്കായി കരോണിയുടെ പോഷകനദിയായ ചുരുൺ നദിയിൽ നിന്നാണ് ഉദ്ഭവം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ഇത് 3,212 അടി (979 മീറ്റർ) താഴേക്കാണ് പതിക്കുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും വീഴുന്ന വെള്ളം താഴെയെത്തുന്നതിനു മുന്നേ ശക്തമായ കാറ്റിൽ മൂടൽമഞ്ഞായിത്തീരുന്നു . കനൈമ നാഷണൽ പാർക്കിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
1933-ൽ അമേരിക്കൻ വൈമാനികൻ ജിമ്മി എയ്ഞ്ചൽ ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നത്.അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്ഞ്ചൽ വെള്ളച്ചാട്ടം എന്ന നാമം നൽകപ്പെട്ടത്. എന്നാല്‍ സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.സത്യം ഇന്നും ഇരുളില്‍ തന്നെ. പച്ചപുതച്ച കാടും ഇടയ്ക്കിടെ വന്നുപോകുന്ന തെളിവെയിലും ഇളം തണുപ്പോടുകൂടിയ കോടമഞ്ഞുമെല്ലാം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. കാട്ടുമൃഗങ്ങളെക്കണ്ടുള്ള യാത്രയും കോടമഞ്ഞിന്റെ കൊടുംതണുപ്പും ആസ്വദിക്കാനായി ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട് ഇവിടെ