ഹജ്ജ് കർമ്മങ്ങൾക്കായി പുറപ്പെടാനൊരുങ്ങുന്ന രോഗികളായ ഹാജിമാർക്ക് തനിമ വീൽ ചെയർ വിതരണം ചെയ്തു. ഹാജിമാർ മക്കയിലെത്തിയത് മുതൽ അവരുടെ താമസ സ്ഥലങ്ങൾ സന്ദർശിച്ചു ഹാജിമാരുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും, രോഗികളായ ഹാജിമാരെ പ്രത്യകം കണ്ടെത്തി പുതിയ വീൽ ചെയറുകൾ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി മെഹ്ബൂബ് കരുവൻപൊയിലിന്റെ നേതൃത്വത്തിൽ പ്രത്യേക വിങ്ങ് തന്നെ രൂപീകരിച്ചിട്ടുണ്ട്.
നിരവധി ഹാജിമാർ വീൽ ചെയറിനായി തനിമയ സമീപിച്ചിരുന്നു. ഇവരിൽനിന്ന് കൂടുതൽ ആവശ്യക്കാരായ ഹാജിമാരെ കണ്ടെത്തിയാണ് വീൽ ചെയർ വിതരണം നടത്തുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന വീൽ ചെയറുകൾ ഹാജിമാർക്ക് ഏറെ ആശ്വാസകരമാണെന്ന് നിരവധി ഹാജിമാർ പറഞ്ഞു. ഹജ്ജ് ദിനങ്ങളിൽ നടക്കാൻ പ്രയാസപ്പെടുന്ന ഹാജിമാർക്കും രോഗികൾക്കും വീൽചെയർ ഉപയോഗപ്പെടുത്താനാവും. ആവശ്യക്കാരെ കണ്ടെത്തി നമസ്‌കരിക്കാനുള്ള കസേരകളും വിതരണം ചെയ്യുന്നുണ്ട്.
റഷീദ് സഖാഫ്, ഷാനിബ നജാത്, മനാഫ് കുറ്റ്യാടി, മുന അനീസ്, സഫീറ ഷമീർ,ഷമീർ കാസർഗോഡ് എന്നിവർ വീൽ ചെയർ വിതരണത്തിന് നേതൃത്വം നൽകി. വീൽചെയർ ആവശ്യമുള്ളവർക്ക് തനിമ മക്ക വളണ്ടിയർ ടീമുമായി ബന്ധപ്പെടാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.