കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30ടെയാണ് മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ എത്തിക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തില്‍ തന്നെ ആയിരിക്കുമോ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കുക, അതല്ലെങ്കില്‍ ഡല്‍ഹിയില്‍ എത്തിച്ചതിന് ശേഷമായിരിക്കുമോ കൊച്ചിയിലേക്ക് വരിക എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൃതദേഹങ്ങള്‍ നേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടിയും നോര്‍ക്ക സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്ര കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇക്കാര്യം മന്ത്രി തന്നെ സ്ഥിരീകരിച്ചു. അതേസമയം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്ന് വൈകിട്ടോടെ കുവൈത്തിലേക്ക് പുറപ്പെട്ടു. കുവൈത്തില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും.