ദുബൈ: കുവൈത്തിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് എം.എ. യൂസഫലി. കുവൈത്തിലെ മംഗഫ് ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 45 ഇന്ത്യക്കാരാണ് മരിച്ചത്. ഇതിൽ മലയാളികളുടെ കുടുംബങ്ങൾക്കാണ് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി അഞ്ചു ലക്ഷം രൂപ വീതം ആശ്വാസധനം നൽകുക.
നോർക്ക വഴിയായിരിക്കും ധനസഹായം കുടുംബങ്ങൾക്ക് നൽകുക. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ യൂസുഫലി അറിയിച്ചിട്ടുണ്ട്. ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തിയ യൂസഫലി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് തുക അനുവദിക്കുക. ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇരകളുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുകയും ചെയ്തു.